അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ 27 റൺസിന് പരാജയപെടുത്തിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെ ഓഫിലേക്ക് കടന്നത്. ഇതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് പിന്നാലെ ബെംഗളൂരുവും പ്ലേഓഫ് ടിക്കറ്റ് സ്വന്തമാക്കി. ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ചെന്നൈയുടെ ഒപ്പം 14 പോയിന്റായി.
എന്നാൽ റൺറേറ്റിൻ്റെ വ്യത്യാസത്തിലാണ് ചെന്നൈയെ മറികടന്ന് ആർസിബി നാലാം സ്ഥാനക്കാരായി പ്ലേഓഫിലേക്ക് എത്തിയത്. ആർസിബി ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 191 റൺസെടുക്കാനെ കഴിഞ്ഞുള്ളു. നിശ്ചിത ഓവറിനുള്ളിൽ 201 റൺസ് എന്ന കടമ്പ കടന്നിരുന്നുവെങ്കിൽ ചെന്നൈക്ക് പ്ലേഓഫിലെത്താമായിരുന്നു.എംഎസ് ധോണിയുടെ 110 മീറ്റർ സിക്സാണ് സിഎസ്‌കെയെ തോൽപ്പിക്കാൻ ആർസിബിയെ സഹായിച്ചതെന്ന് ദിനേഷ് കാർത്തിക് പറഞ്ഞു. അവസാന ഓവറിന് മുമ്പ് സിഎസ്‌കെയ്ക്ക് പ്ലേഓഫ് ബെർത്തിന് 17 റൺസ് കുറവുള്ളപ്പോൾ, ധോണി യാഷ് ദയാലിനെ ഗ്രൗണ്ടിന് പുറത്തേക്ക് സിക്സിന് പറത്തി.
എന്നാൽ അടുത്ത പന്തിൽ ധോണിയെ പുറത്താക്കി ദയാൽ കളി ബെംഗളുരുവിന് അനുകൂലമാക്കി.”ഇന്ന് നടന്ന ഏറ്റവും മികച്ച കാര്യം, ഗ്രൗണ്ടിന് പുറത്ത് ധോണി ആ സിക്‌സ് അടിച്ചതാണ്, ഞങ്ങൾക്ക് ഒരു പുതിയ പന്ത് ലഭിച്ചു, അത് ബൗൾ ചെയ്യാൻ വളരെ മികച്ചതാണ്,” കാർത്തിക് പറഞ്ഞു. നനഞ്ഞതിനാൽ പന്ത് മാറ്റാൻ ആർസിബി അമ്പയറോട് ആവശ്യപ്പെട്ടെങ്കിലും അത് അനുവദിച്ചു കൊടുത്തില്ല.
അവിശ്വസനീയമായ വഴിത്തിരിവ് ഉണ്ടാക്കിയ ആർസിബിയെ കാർത്തിക് അഭിനന്ദിക്കുകയും ചെയ്തു. 6 മത്സരങ്ങളുടെ തുടർച്ചയായ തോൽവിയിലായിരുന്നതിനാൽ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്നു.എന്നാൽ അവിടെ നിന്ന് ഫാഫ് ഡു പ്ലെസിസിൻ്റെ ടീം തുടർച്ചയായി 6 മത്സരങ്ങൾ വിജയിക്കുകയും പ്ലെ ഓഫിലെത്തുകയും ചെയ്തു.മെയ് 22 ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന എലിമിനേറ്ററിൽ ആർസിബി കളിക്കും.