സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ സർവീസസിനെതിരെ കേരളത്തിന് ഒരു റണ്ണിന്റെ ആവേശകരമായ വിജയം.വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ കേരളം 189/3 എന്ന സ്കോറാണ് നേടിയത്.മറുപടിയിൽ 188/5 എന്ന നിലയിലാണ് സർവീസസിന്റെ ഇന്നിങ്സ് അവസാനിച്ചത്.
42 റൺസെടുത്ത ഓപ്പണർ ശുഭം രോഹില്ലയാണ് സർവീസസിന്റെ ടോപ് സ്കോറർ.രണ്ട് ഓവറിൽ 23 റൺസ് വേണ്ടിയിരിക്കെ വിനോദ് കുമാർ സി വി ഒരു മികച്ച അവസാന ഓവർ എറിഞ്ഞു,ആറ് റൺസ് മാത്രം വിട്ടുകൊടുത്തു.അവസാന ഓവറിൽ 17 റൺസായിരുന്നു സെർവീസസിന് വിജയിക്കാൻ വേണ്ടിയിരുന്നത്.വികാസ് ഹത്വാലയ്ക്ക് അവസാന പന്തിൽ 4 റൺസ് മാത്രമാണ് നേടേണ്ടിയിരുന്നെങ്കിലും രണ്ടു റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. കേരളത്തിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.
വ്യാഴാഴ്ച കേരളം ബിഹാറിനെ നേരിടും. കേരളത്തിനായി വലംകൈയ്യൻ വിഷ്ണു വിനോദ് 62 പന്തിൽ 15 ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 109 റൺസെടുത്തു.സഹതാരം മുഹമ്മദ് അസ്ഹറുദ്ദീന് ശേഷം ടൂർണമെന്റിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മലയാളിയായി 29-കാരൻ.ക്യാപ്റ്റൻ സഞ്ജു സാംസൺ 22 റൺസെടുത്തു.സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തതിന് പിന്നാലെ ഓപ്പണർമാരായ അസ്ഹറുദ്ദീനെയും (1) രോഹൻ കുന്നുമ്മലിനെയും (12) കേരളത്തിന് നഷ്ടമായി.
മൂന്നാം വിക്കറ്റിൽ വിഷ്ണു-സഞ്ജു സഖ്യം 45 റൺസ് കൂട്ടിച്ചേർത്തു.നാലാം വിക്കറ്റിൽ വിഷ്ണുവും സൽമാനും ചേർന്ന് 110 റൺസ് കൂട്ടിച്ചേർത്തു.കേരളം 20 ഓവറിൽ 189/3 (വിഷ്ണു വിനോദ് 109 നോട്ടൗട്ട്, സൽമാൻ നിസാർ 42 നോട്ടൗട്ട്) bt സർവീസസ് 20 ഓവറിൽ 188/5 (ശുഭം രോഹില്ല 42; വികാസ് ഹത്വാല 40 നോട്ടൗട്ട്).