സൈദ് മുഷ്തഖ് അലി ട്രോഫിയിലെ ചണ്ഡീഗഡിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള ടീം. അവസാന ബോൾ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിൽ കേരളത്തിനായി സഞ്ജു സാംസൺ, വിഷ്ണു വിനോദ്, വരുൺ നായനാർ എന്നിവർ ബാറ്റിംഗിൽ തിളങ്ങി.
ബോളിങ്ങിൽ ബേസിൽ തമ്പിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എന്തായാലും കേരളത്തിനെ സംബന്ധിച്ച് ഒരുപാട് വിലപ്പെട്ട വിജയം തന്നെയാണ് ചണ്ഡിഗഡ് ടീമിനെതിരെ നേടിയിരിക്കുന്നത്.മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണിങ് വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടാണ് രോഹൻ കുന്നുമ്മലും വരുൺ നായനാരും നേടിയത്. ഇരുവരും ചേർന്ന് 70 റൺസ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർക്കുകയുണ്ടായി. വരുൺ മത്സരത്തിൽ 27 പന്തുകളിൽ 47 റൺസ് നേടിയപ്പോൾ, രോഹൻ 24 പന്തുകളിൽ 30 റൺസാണ് നേടിയത്.
ശേഷം മികച്ച ഫോമിലുള്ള വിഷ്ണു വിനോദു മത്സരത്തിൽ മികവുപുലർത്തി. 23 പന്തുകളിൽ 42 റൺസായിരുന്നു വിഷ്ണുവിന്റെ സംഭാവന. കഴിഞ്ഞ മത്സരത്തിൽ ഫോമിലെത്താതിരുന്ന കേരള നായകൻ സഞ്ജു സാംസനും അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്തു. മത്സരത്തിൽ ഒരു അർത്ഥ സെഞ്ച്വറിയോടെയാണ് സഞ്ജു ഫോമിലേക്ക് തിരികെയെത്തിയത്. 32 പന്തുകളിൽ നിന്ന് 52 റൺസ് നേടിയ സഞ്ജു കൂടി മികവ് പുലർത്തിയതോടെ കേരളം നിശ്ചിത 20 ഓവറുകളിൽ 193 എന്ന സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചണ്ഡിഗഡിനായി നായകൻ മനൻ വോഹ്റയാണ് ക്രീസിലുറച്ചത്. വോഹ്‌റ മത്സരത്തിൽ 61 പന്തുകളിൽ 95 റൺസാണ് നേടിയത്. എന്നാൽ മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായത് ടീമിനെ ബാധിച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ ചണ്ഡിഗഡ് വിക്കറ്റുകൾ കൊയ്യാൻ കേരള ബോളർമാർക്ക് സാധിച്ചു. ബേസിൽ തമ്പി അടക്കമുള്ള ബോളർമാർ കൃത്യത പുലർത്തിയതോടെ ചണ്ഡീഗഡ് സ്കോറിംഗ് റേറ്റ് പതിഞ്ഞ താളത്തിൽ ആവുകയായിരുന്നു.
Kerala won another exciting game against Chandigarh with a score of 7 runs.#UTCAvKER #KERvUTCA #SMAT2023 #RanjiKerala #SyedMushtaqAliTrophy #CricketTwitter #Cricket #SMAT pic.twitter.com/um5T7T1CKp
— Team RanjiKerala (@RanjiKerala) October 21, 2023
മത്സരത്തിൽ 2 വിക്കറ്റുകൾ സ്വന്തമാക്കി ബേസിൽ തമ്പിയും വിനോദ് കുമാറും കേരളത്തിനായി മികവ് പുലർത്തി. അവസാന ഓവറിൽ 25 റൺസ് ചണ്ഡീഗഡിന് വേണമെന്നിരിക്കെ മികച്ച ബോളിംഗ് പ്രകടനമാണ് വിനോദ് കുമാർ കാഴ്ചവച്ചത്. മത്സരത്തിൽ 7 റൺസിന്റെ പരാജയമാണ് ചണ്ഡീഗഡ് ഏറ്റുവാങ്ങിയത്.