ആവേശ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ. അത്യന്തം ആവേശകരമായ മത്സരത്തിൽ 70 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി ബാറ്റിംഗിൽ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും തിളങ്ങിയപ്പോൾ ബോളിങ്ങിൽ മുഹമ്മദ് ഷാമിയുടെ ഒരു സംഹാരമായിരുന്നു കാണാൻ സാധിച്ചത്.
ഷാമിയുടെ ബോളിങ്ങിന്റെ പവറിലാണ് ഇന്ത്യ മത്സരത്തിൽ വിജയം കൊയ്തത്. 2019 ലോകകപ്പിന്റെ സെമിഫൈനലിൽ ന്യൂസിലാൻഡിനോടേറ്റ പരാജയത്തിന് ഇതോടെ ഇന്ത്യ പകരം വീട്ടിയിട്ടുണ്ട്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് രോഹിത് ശർമ ഇന്ത്യയ്ക്ക് നൽകിയത്. പതിവുപോലെ പവർപ്ലേ ഓവറുകളിൽ തന്നെ വെടിക്കെട്ട് തീർക്കാൻ രോഹിത്തിന് സാധിച്ചു.
മത്സരത്തിൽ 29 പന്തുകളിൽ 47 റൺസ് ആണ് രോഹിത് നേടിയത്. ഒപ്പം മറ്റൊരു ഓപ്പണറായ ഗിൽ ക്രീസിലുറച്ചതും ഇന്ത്യയ്ക്ക് ആശ്വാസമായി. രോഹിത് പുറത്തായ ശേഷം ക്രീസലെത്തിയ വിരാട് കോഹ്ലിയും ന്യൂസിലാൻഡ് ബോളർമാരെ പക്വതയോടെ നേരിട്ടു. ഇതിനിടെ ഗിൽ (80) പരിക്ക് മൂലം കൂടാരം കേറിയെങ്കിലും പകരക്കാരനായി എത്തിയ അയ്യരും കോഹ്ലിക്കൊപ്പം ക്രീസിൽ ഉറച്ചു. ഇരുവരും ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുക്കുകയായിരുന്നു. കോഹ്ലി മത്സരത്തിൽ തന്റെ ഏകദിന ക്രിക്കറ്റിലെ അൻപതാം സെഞ്ചുറി നേടുകയുണ്ടായി. മത്സരത്തിൽ 113 പന്തുകളിൽ 117 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.
മറുവശത്ത് ശ്രേയസ് അയ്യരും ഇന്ത്യക്കായി മധ്യ ഓവറുകളിൽ വെടിക്കെട്ട് തീർത്തു. 70 പന്തുകൾ മത്സരത്തിൽ നേരിട്ട അയ്യർ 105 റൺസ് ആണ് നേടിയത്. ഇങ്ങനെ ഇന്ത്യയുടെ സ്കോർ കുതിക്കുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 397 റൺസ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റും ഒരു വെടിക്കെട്ടോടെയാണ് ആരംഭിച്ചത്. എന്നാൽ മുഹമ്മദ് ഷാമി ബോളിംഗ് ക്രീസിലെത്തിയതോടെ ന്യൂസിലാന്റിന്റെ തന്ത്രങ്ങൾ പാളി. ഷാമി ന്യൂസിലാൻഡിന്റെ ഓപ്പണർമാരെ മടക്കി. പക്ഷേ മൂന്നാം വിക്കറ്റിൽ നായകൻ വില്യംസനും ഡാരിൽ മിച്ചലും ചേർന്ന് ഒരു പക്വതയാർന്ന കൂട്ടുകെട്ട് ന്യൂസിലാൻഡിനായി കെട്ടിപ്പടുത്തു. ഇത് ഇന്ത്യക്ക് ഭീഷണിയായി മാറുകയായിരുന്നു. മിച്ചൽ മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കി. വില്യംസൺ 73 പന്തുകളിൽ 69 റൺസ് ആണ് നേടിയത്.
എന്നാൽ കൃത്യമായ സമയത്ത് മുഹമ്മദ് ഷാമി ബോളിങ് ക്രീസിൽ തിരിച്ചെത്തി തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യൻ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. ശേഷം മിച്ചലും(134) ഫിലിപ്സും(41) ചേർന്ന് മത്സരത്തിൽ കരകയറ്റാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ മികവ് പുലർത്തുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി 57 റൺസ് മാത്രം വിട്ടുനൽകി 7 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. 2011 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.