വിമർശകരുടെ വായടപ്പിച്ച പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ്സുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar |Brazil

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രോയേഷ്യക്കെതിരെയാണ് സൂപ്പർ താരം നെയ്മർ ബ്രസീൽ ജെറീസയിൽ കളിച്ചത്.ആ മത്സരത്തിൽ നെയ്മർ ഗോളടിച്ചെങ്കിലും ബ്രസീൽ പരാജയപ്പെടുകയും വേൾഡ് കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു.അതിനു ശേഷം ഫ്രഞ്ച് പിഎസ്ജിക്കായി കളിച്ചു കൊണ്ടിരിക്കുമ്പോൾ പരിക്കേറ്റ നെയ്മർ ദീർഘ കാലം ടീമിന് പുറത്തായിരുന്നു.

അതിനിടയിൽ ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ച 31-കാരനായ 160 മില്യൺ യൂറോ (174 മില്യൺ ഡോളർ) ഡീലിൽ സൗദി ക്ലബ് അൽ ഹിലാലിൽ ചേർന്നു.ബ്രസീൽ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് ശേഷവും അൽ ഹിലാലിലേക്കുള്ള ട്രാൻസ്ഫറിനും വലിയ വിമര്ശനമാണ് നെയ്മർ നേരിട്ടത്.ബ്രസീലിയൻ ജേഴ്സിയിൽ നെയ്മർക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കില്ല എന്ന വിമർശനം വരെ ഉയരുകയും ചെയ്തു.എന്നാൽ തന്നെ വിമര്ശിച്ചവർക്ക് തക്ക മറുപടി തന്നെയായിരുന്നു ഇന്ന് ബൊളീവിയക്കെതിരെയുള്ള നെയ്മറുടെ പ്രകടനം.

ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പരിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ നെയ്‍മർ ഇപ്പോഴും ആരാധകരുടെ സുൽത്താനായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു.തന്റെ പ്രതിഭക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനമാണ് ഇന്ന് 31 കാരൻ പുറത്തെടുത്തത്. ബ്രസീൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ രണ്ടു ഗോളും രണ്ടു അസിസ്റ്റും നേടിയ നെയ്മർ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പെനാൽറ്റി നഷ്ടപെടുത്തിയെങ്കിലും നിറഞ്ഞു നിന്ന നെയ്മറെ തടയാൻ പലപ്പോഴും ബൊളീവിയൻ ഡിഫെൻഡർമാർക്ക് സാധിച്ചില്ല.നെയ്മറുടെ വേഗതയേയും , സ്കില്ലുകളെയും തടയാൻ സാധിക്കാതിക്കുന്ന എതിർ ടീമംഗങ്ങൾ പരുക്കൻ അടവുകളും പുറത്തെടുത്തു. എന്നാൽ അതിനെയെല്ലാം തരണം ചെയ്ത മുന്നേറിയ നെയ്‍മർ മുന്നേറ്റ നിരയിൽ റോഡ്രിഗോയുമായും റാഫിന്യയുമായി മികച്ച ഒത്തിണക്കം കാണിക്കുകയും ചെയ്തു.മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ നെയ്‌മറുടെ ആദ്യത്തെ ഗോൾ വരുന്നത് അറുപത്തിയൊന്നാം മിനുട്ടിലാണ്. ഇഞ്ചുറി ടൈമിലാണ് ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ പിറക്കുന്നത്. റാഫിന്യയുടെ അസിസ്റ്റിൽ നെയ്‌മറാണ് തന്റെ രണ്ടാമത്തെയും ടീമിന്റെ അഞ്ചാമത്തേയും ഗോൾ നേടിയത്.

ആദ്യത്തെ പെനാൽറ്റി ഗോളാക്കിയിരുന്നെങ്കിൽ ഹാട്രിക്ക് നേട്ടം താരത്തിന് സ്വന്തമായേനെ.കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ യോഗ്യത നേടിയത്. ഇത്തവണയും അതിനു കഴിയുമെന്ന് തെളിയിക്കാൻ ആദ്യത്തെ മത്സരത്തിൽ തന്നെ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ബൊളീവിയക്കെതിരെ ഗോളോടെ പെലെയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിന്റെ ഏറ്റവും വലിയ ഗോൾ സ്‌കോററായി നെയ്മർ മാറി.125 മത്സരങ്ങൾ ബ്രസീലിയൻ ജഴ്സിയിൽ കളിച്ച താരം 79 ഗോളുകളും 56 അസിസ്റ്റുകളുമാണ് ടീമിനുവേണ്ടി നേടിയത്. 91 മത്സരങ്ങളിൽ നെയ്മറിനൊപ്പം ബ്രസീൽ ടീം വിജയിച്ചു.

Rate this post
Brazilneymar