ഐപിഎൽ 2025-ന് മുന്നോടിയായി കാര്യമായ മാറ്റങ്ങളാണ് ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസി വരുത്താൻ ഒരുങ്ങുന്നത്. പ്രഥമ സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമായ ഡൽഹി ക്യാപിറ്റൽസ്, അവരുടെ ടീമിൽ കാലാനുസൃതമായി പല മാറ്റങ്ങളും വരുത്തിയെങ്കിലും ഇതുവരെ ഒരു ടൈറ്റിൽ വിജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല.
ഇതോടെയാണ് ഇപ്പോൾ ഫ്രാഞ്ചൈസി വലിയ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടി എന്നോണം പരിശീലകൻ റിക്കി പോണ്ടിങ്ങിനെ പുറത്താക്കിയതായി കഴിഞ്ഞ ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഈ സർപ്രൈസ് പ്രഖ്യാപനത്തിന് പിന്നാലെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനും ഇന്ത്യൻ വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് വിടാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.
റിക്കി പോണ്ടിങ്ങും ഋഷഭ് പന്തും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു, എന്നാൽ, പോണ്ടിംഗ് ഫ്രാഞ്ചൈസി വിട്ടതോടെ പന്തിന് ഡൽഹി ക്യാപിറ്റൽസിൽ തുടരാൻ താല്പര്യമില്ല എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 2016 മുതൽ ഡൽഹി ക്യാപ്പിറ്റൽസ് താരമായ ഋഷഭ് പന്ത്, ഇപ്പോൾ ഉദ്ദേശിക്കുന്നത് ഐപിഎൽ 2025 മെഗാ താര ലേലത്തിൽ പങ്കെടുത്ത് പുതിയ ടീമിൽ ചേരുക എന്നാണ്.
അതേസമയം, ഋഷഭ് പന്തിനെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കാൻ സാധ്യത ഉണ്ട് എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. താര ലേലത്തിൽ, പ്ലെയർ ഡ്രാഫ്റ്റ് പ്രോസസിലോ പന്തിനെ സ്വന്തമാക്കാൻ സിഎസ്കെ ശ്രമിച്ചേക്കും. എംഎസ് ധോണി അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പകരക്കാരനെയാണ് ചെന്നൈ ലക്ഷ്യമാക്കുന്നത്. അതോടൊപ്പം പുതിയ പരിശീലകനായി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങിയ പേരുകളാണ് ഡൽഹി ക്യാപിറ്റൽസ് പരിഗണിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ കളിച്ച റിഷഭ് പന്തിന് 448 റൺസാണ് നേടാനായത്. മൂന്ന് മത്സരങ്ങളിൽ അർദ്ധ സെഞ്ച്വറി നേടി. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തായി ഡൽഹി ക്യാപിറ്റൽസ് ഫിനിഷ് ചെയ്തു. 2021ലാണ് റിഷഭ് പന്ത് ആദ്യമായി ഡൽഹിയുടെ നായകസ്ഥാനത്ത് എത്തുന്നത്.