ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ ഐപിഎൽ 2024 പോരാട്ടത്തിൽ ജോസ് ബട്ട്ലറുടെ അപരാജിത സെഞ്ചുറിയുടെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് രണ്ട് വിക്കറ്റിന് ഉജ്ജ്വല വിജയം സ്വന്തമാക്കി.മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ഇംഗ്ലീഷ് താരത്തിന്റെ ബാറ്റിങ്ങിനെ വാനോളം പ്രശംസിക്കുകയും വളർന്നു വരുന്ന താരങ്ങൾ അദ്ദേഹത്തെ മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു.
സുനിൽ നരെയ്ന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ കൊൽക്കത്ത 223/6 എന്ന കൂറ്റൻ സ്കോർ പടുതുയർത്തി.13 ഓവറുകൾക്ക് ശേഷം 121/6 എന്ന നിലയിൽ റോയൽസ് തോൽവി മുന്നിൽ കണ്ടെങ്കിലും ബട്ട്ലർ ഒരറ്റത്ത് ഉറച്ചുനിന്നു, വെറും 60 പന്തിൽ പുറത്താകാതെ 107 റൺസുമായി തൻ്റെ ടീമിനെ ഒറ്റയ്ക്ക് കരകയറ്റി.ബട്ട്ലറുടെ സംയമനത്തെയും മാച്ച് വിന്നിംഗ് കഴിവിനെയും ഹർഭജൻ പ്രശംസിച്ചു. “ബട്ട്ലർ ഒരു പ്രത്യേക കളിക്കാരനാണ്. അവൻ ഒരു വ്യത്യസ്ത തലത്തിലുള്ള കളിക്കാരനാണ്. അവസരം കിട്ടുമ്പോഴെല്ലാം അവൻ സിക്സറുകളും ഫോറുകളും അടിച്ചു, സിംഗിൾസും ഡബിൾസും നേടി. മറ്റ് കളിക്കാർ പുറത്താകുമ്പോൾ, നിങ്ങളുടെ ബാറ്റിംഗ് പിടിച്ചുനിർത്തി സ്വന്തം ഗെയിം കളിക്കുന്നത് പ്രധാനമാണ്,” മുൻ ഓഫ് സ്പിന്നർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അവസാനം വരെ നിൽക്കേണ്ടതിൻ്റെ പ്രാധാന്യവും ഹർഭജൻ ചൂണ്ടിക്കാണ്ടി. യുവ താരം റിയാൻ പരാഗ് ചെയ്യാൻ പരാജയപ്പെട്ട ഒന്നായിരുന്നു അതെന്നും ഹർഭജൻ പറഞ്ഞു. പരാഗ് 14 പന്തിൽ 34 റൺസ് നേടിയെങ്കിലും അവസാനം വരെ ബാറ്റ് ചെയ്യാൻ സാധിച്ചില്ല.”ഒരുപാട് യുവാക്കൾ ബട്ട്ലറുടെ ഇന്നിംഗ്സിൽ നിന്ന് പഠിക്കേണ്ടതുണ്ട്. റിയാൻ കഴിവുള്ള കളിക്കാരനാണ്. അദ്ദേഹം 34 റൺസ് നേടി, എന്നാൽ മത്സരങ്ങൾ എങ്ങനെയാണ് വിജയിപ്പിക്കുന്നത് എന്ന് പഠിക്കണം.അവസാനം വരെ പിടിച്ചു നിൽക്കണം”ഹർഭജൻ കൂട്ടിച്ചേർത്തു.
Harbhajan Singh " Riyan Parag is a very talented player.He made very good 34 but he has to learn from Josh Butler, needs to stay on pitch and needs to pick the bowlers and play his shorts, whenever he gets the chance and finish the game for team."pic.twitter.com/EjyG7nAIMT
— Sujeet Suman (@sujeetsuman1991) April 16, 2024
“ഏത് ബൗളർക്ക് എതിരെ ഏത് ഷോട്ട് കളിക്കണം എന്ന് ബറ്റ്ലർക്ക് അറിയാം.ജോസ് ബട്ട്ലർ ഇത് ചെയ്യുന്നത് ഇതാദ്യമല്ല. അദ്ദേഹം ഇത് നിരവധി തവണ ചെയ്തിട്ടുണ്ട്, ഇനിയും ഒരുപാട് സമയം അദ്ദേഹം ഇത് ചെയ്യുന്നത് നമുക്ക് കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്.അദ്ദേഹം കളിയുടെ ഇതിഹാസങ്ങളിൽ ഒരാളാണ്,” മുൻ സ്പിന്നർ പറഞ്ഞു.നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങളുമായി പോയിൻ്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന സഞ്ജു സാംസൺ നയിക്കുന്ന ടീം ഏപ്രിൽ 22 ന് ജയ്പൂരിൽ നടക്കുന്ന അടുത്ത ഏറ്റുമുട്ടലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും.