ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് രാജസ്ഥാൻ റോയൽസ് ഏറ്റുവാങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിംഗ്സ് 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മത്സര ശേഷം റോയൽസ് നായകൻ സഞ്ജു സാംസൺ തോൽവിയെ കുറിച്ചു വിശദീകരിച്ചു.”പവർപ്ലേയ്ക്ക് ശേഷം സ്കോറിന് മന്ദഗതിയിൽ ആയിരുന്നെന്നും പ്രതീക്ഷിച്ച പോലെ റൺസ് നേടാൻ ടീമിന് കഴിഞ്ഞതുമില്ല.പവർപ്ലേയ്ക്ക് ശേഷം ഞങ്ങൾ പ്രതീക്ഷിച്ച സ്കോർ 170 ആയിരുന്നു, ഞങ്ങൾക്ക് 20-25 റൺസ് കുറവായിരുന്നു” സഞ്ജു പറഞ്ഞു.3 വിക്കറ്റ് വീഴ്ത്തിയ സിമർജീത് സിംഗിനെ സഞ്ജു സാംസൺ അഭിനന്ദിക്കുകയും ചെയ്തു.
“സിമർജീത് സിഎസ്കെക്ക് വേണ്ടി നന്നായി പന്തെറിഞ്ഞു. എവേ മത്സരങ്ങളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്ക് ശരിക്കും ഉറപ്പില്ല. ആദ്യം ബാറ്റ് ചെയ്യുന്നതാണ് മികച്ച ഓപ്ഷൻ എന്ന് ഞങ്ങൾ കരുതി. ഇവിടെ കളിക്കുമ്പോൾ എങ്ങനെയാണു പിന്തുടരേണ്ടത് എന്ന ധാരണ അവർക്കുണ്ടായിരുന്നു.രണ്ടാം ഇന്നിഗ്സിൽ പിച്ച് കൂടുതൽ സ്ലോ ആവുമെന്ന് കരുതി.രാത്രിയിലാണ് മത്സരമെങ്കിൽ ബൗൾ ചെയ്യാൻ തീരുമാനിക്കാമായിരുന്നു” സഞ്ജു പറഞ്ഞു.
“യോഗ്യതയെക്കുറിച്ച് ചിന്തിക്കുന്നത് സാധാരണമാണ്, നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഞങ്ങളുടെ കൈയിലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എൻ്റെ ടീമംഗങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.അടുത്ത കളി വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും വേണം” സഞ്ജു കൂട്ടിച്ചേർത്തു.