ഇംഗ്ലണ്ട് ഇന്ത്യയിൽ ഇറങ്ങിയപ്പോൾ അത് അവരുടെ ബാസ്ബോൾ സമീപനത്തിലെ ഏറ്റവും വലിയ ടെസ്റ്റാണെന്ന് അവർക്കറിയാമായിരുന്നു. സന്ദർശകർ ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് വിജയിച്ചപ്പോൾ, ഇംഗ്ലീഷ് മാധ്യമങ്ങളും ആരാധകരും മുൻ ക്രിക്കറ്റ് കളിക്കാരും അവരെ പരമ്പര ജയിക്കാനുള്ള ഫേവറിറ്റുകൾ എന്ന് വിളിക്കാൻ തുടങ്ങി.
2012ലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ പ്രകടനം ആവർത്തിക്കാൻ ബെൻ സ്റ്റോക്സിൻ്റെ നേതൃത്വത്തിലുള്ള ടീമിന് പിന്തുണ ലഭിച്ചു. ഇന്ത്യയിൽ പരമ്പര നേടിയ അവസാന എതിരാളിയായിരുന്നു ആ ടീം. എന്നാൽ തുടർച്ചയായ മൂന്നു ടെസ്റ്റുകൾ വിജയിച്ച ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഇല്ലാതാവുവുകയും ബാസ്ബോൾ ശൈലിക്കെതിരെയുള്ള വിമർശനം രൂക്ഷമാവുകയും ചെയ്തു.
തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റതിൻ്റെ നിരാശയിലാണെങ്കിലും അവസാന മത്സരത്തിൽ തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലീഷ് പടയ്ക്ക് ഓപ്പണര്‍മാരായ സാക്ക് ക്രാവ്ലിയും ബെൻ ഡക്കറ്റും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സ് ഇംഗ്ലീഷ് സ്കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.18-ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവാണ് ബെൻ ഡക്കറ്റിനെ മടക്കി (27) കൂട്ടുകെട്ട് പൊളിച്ചത്.
ആദ്യ ദിനം ലഞ്ചിന് പിരിയുന്നതിന് മുന്‍പ് ഇംഗ്ലീഷ് സ്കോര്‍ 100ല്‍ നില്‍ക്കെ മൂന്നാം നമ്പറില്‍ എത്തിയ ഒല്ലീ പോപ്പിനെയും കുല്‍ദീപ് പുറത്താക്കി. പിന്നീട്, കൃത്യമായ ഇടവേളകളില്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ പിഴുതുകൊണ്ടേയിരുന്നു.അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇംഗ്ലണ്ടിനെ 218 റൺസിന് പുറത്താക്കി. “ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കാൻ, അവർക്ക് മുഴുവൻ ഇന്ത്യൻ ബൗളിംഗ് ആക്രമണവും ആവശ്യമാണ്, രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ എന്നിവരെയും ആവശ്യമാണ്”മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പറഞ്ഞു.