യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പഥത്തിൽ സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയും. സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്.മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 12 ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് മത്സരം സമനിലയിലാക്കി.എഡ്വേർഡോ കാമവിംഗയുടെ ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ഡിഫൻഡർ റൂബൻ ഡയസിന്റെ ശരീരത്തിൽ തട്ടി സിറ്റി വലയിൽ കയറുകയായിരുന്നു.
രണ്ട് മിനിറ്റിന് ശേഷം വിനീഷ്യസ് ജൂനിയർ നൽകിയ പാസിൽ നിന്നും റോഡ്രിഗോ റയലിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപായി ലീഡ് നേടാനുള്ള അവസരം റയലിന് ലഭിച്ചെങ്കിലും റോഡ്രിഗോയുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി.66-ാം മിനിറ്റിൽ ഫിൽ ഫോഡൻ നേടിയ ഗോളിലൂടെ സിറ്റി ഒപ്പമെത്തി. 71 ആം മിനുട്ടിൽ ജോസ്‌കോ ഗ്വാർഡിയോൾ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 79-ാം മിനുട്ടിൽ ഫെഡറിക്കോ വാൽവെർഡെയുടെ വോളി യലിന് സമനില നേടിക്കൊടുത്തു, വിനിഷ്യസിന്റെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.രണ്ടാം പാദം ഇത്തിഹാദിൽ ഏപ്രിൽ 17 ന് നടക്കും.
ഇന്നലെ നടന്ന മത്സരത്തിൽ ക്വാർട്ടർ ഫൈനലിൽ ആഴ്‌സണൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ പിടിച്ചു. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്. ലിയാൻഡ്രോ ട്രോസാർഡിൻ്റെ രണ്ടാം പകുതിയിലെ ഗോളാണ് ആഴ്സണലിന് സമനില നേടിക്കൊടുത്തത്. 14 വർഷമായി തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിക്കുന്ന പ്രീമിയർ ലീഗ് ലീഡർമാരായ ആഴ്സണൽ ബുക്കായോ സാക നേടിയ ഗോളിലൂടെ 12 ആം മിനുട്ടിൽ ലീഡ് നേടി. എന്നാൽ ആറ് മിനിറ്റിന് ശേഷം സെർജി ഗ്നാബ്രി നേടിയ ഗോളിലൂടെ ബയേൺ ഒപ്പമെത്തി.
32 ആം മിനുട്ടിൽ ബോക്‌സിൽ ലെറോയ് സാനെയെ ഫൗൾ ചെയ്തതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ഹാരി കെയ്ൻ നേടിയ ഗോളിലൂടെ ബയേൺ ലീഡ് നേടി. ഇംഗ്ലീഷ് താരത്തിന്റെ സീസണിലെ 39 ആം ഗോളായിരുന്നു ഇത്. 76 ആം മിനുട്ടിൽ ജീസസിന്റെ അസ്സിസ്റ്റിൽ നിന്നും ട്രോസാർഡ് നേടിയ ഗോളിലൂടെ ആഴ്‌സണൽ ഒപ്പമെത്തി.മത്സരത്തിന്റെ അവസാന മിനുട്ടിൽ ബയേൺ താരം കിംഗ്‌സ്‌ലി കോമാന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഏപ്രിൽ 17 ആം തീയതി ജർമനിയിൽ വെച്ച് രണ്ടാം പാദം നടക്കും.