യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ അപ്രതീക്ഷിത ജയം നേടി എസി മിലാൻ. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മിലൻ നേടിയത്. ഇറ്റാലിയൻ ക്ലബ്ബിനായി മാലിക് തിയാവ്, അൽവാരോ മൊറാട്ട, തിജ്ജാനി റെയ്ൻഡേഴ്സ് എന്നിവർ ഗോൾ നേടിയപ്പോൾ വിനീഷ്യസ് ജൂനിയർ റയലിനായി ഗോൾ നേടി.12-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെ തിയാവ് ഏഴ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മിലാന് ലീഡ് നൽകിയെങ്കിലും 11 മിനിറ്റിനുള്ളിൽ പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയർ സമനില പിടിച്ചു.
39 ആം മിനുട്ടിൽ ഒരു റീബൗണ്ടിൽ നിന്ന് വലകുലുക്കി മൊറാട്ട മിലാനെ മുന്നിലെത്തിച്ചു. 73 ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ റാഫേൽ ലിയോയുടെ ക്രോസിൽ നിന്നും റെയ്ൻഡേഴ്സ് മിലൻറെ മൂന്നാം ഗോൾ നേടി.36 ടീമുകളുള്ള ചാമ്പ്യൻസ് ലീഗ് പട്ടികയിൽ ആറ് പോയിൻ്റുമായി റയൽ 17-ാം സ്ഥാനത്താണ്, നാല് മത്സരങ്ങൾക്കുശേഷം ഗോൾ വ്യത്യാസത്തിൽ മിലാനേക്കാൾ ഒരു സ്ഥാനം മുന്നിലാണ്.
മറ്റൊരു മത്സരത്തിൽ വിക്ടർ ജിയോകെറസിൻ്റെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-1ന് തകർത്ത് സ്പോർട്ടിംഗ് സിപി. കോച്ച് റൂബൻ അമോറിമിൻ്റെ അവസാന ഹോം ഗെയിം മികച്ച വിജയത്തോടെ അവസാനിപ്പിക്കുകയും ചെയ്തു. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ നേടിയ ഗോളിൽ ഫിൽ ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 38 ആം മിനുട്ടിൽ നേടിയ ഗോളിൽ ഗ്യോകെറസ് സ്പോർട്ടിങ്ങിനെ ഒപ്പമെത്തിച്ചു. 46 ആം മിനുട്ടിൽ മാക്സിമിലിയാനോ അരൗജോ സ്പോട്ടിങ്ങിനു ലീഡ് നേടിക്കൊടുത്തു.
49 ആം മിനുട്ടിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് ജിയോകെറസ് സ്പോർട്ടിംഗിന്റെ ലീഡുയർത്തി .എർലിംഗ് ഹാലാൻഡിന് സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അവസരം ലഭിച്ചെങ്കിലും പെനാൽറ്റി നഷ്ടപ്പെടുത്തി. 80 ആം മിനുട്ടിൽ ഗയോകെറസ് മറ്റൊരു സ്പോട്ട് കിക്കിലൂടെ ഹാട്രിക്ക് പൂർത്തിയാക്കി.2016 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിൽ സിറ്റി നാല് ഗോളുകൾ വഴങ്ങുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ ആൻഫീൽഡിൽ സാബി അലോൻസോയുടെ ബയർ ലെവർകുസനെ 4-0ന് തോൽപ്പിച്ച് ലിവർപൂൾ.ഇംഗ്ലീഷ് ക്ലബ്ബിനായി ലൂയിസ് ഡിയാസ് ഹാട്രിക് നേടി.പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആർനെ സ്ലോട്ടിൻ്റെ ലിവർപൂൾ യൂറോപ്പിലെ എലൈറ്റ് ക്ലബ് മത്സരത്തിൽ നാല് മത്സരങ്ങളിലെ നാലാം വിജയം നേടി.2005-ൽ റെഡ്സിനൊപ്പം ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയ മാനേജറും മുൻ ലിവർപൂൾ ഹീറോയുമായ അലോൻസോയുടെ ആൻഫീൽഡിലേക്കുള്ള തിരിച്ചുവരവ് മികച്ചതാക്കാൻ സാധിച്ചില്ല.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റിൽ ഡയസ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടി.രണ്ട് മിനിറ്റിന് ശേഷം മുഹമ്മദ് സലായുടെ ക്രോസ് ഹെഡ് ചെയ്ത് ഗാക്പോ റെഡ്സിൻ്റെ ലീഡ് ഇരട്ടിയാക്കി. ഗോൾ ആദ്യം ഓഫ്സൈഡായി വിധിച്ചെങ്കിലും തീരുമാനം VAR റദ്ദാക്കി.83-ാം മിനിറ്റിൽ സലായുടെ ക്രോസിൽ ഡയസ് തൻ്റെ രണ്ടാമത്തെ ഗോൾ നേടി.ഇഞ്ചുറി ടൈമിൽ ഡയസ് ഹാട്രിക്ക് പൂർത്തിയാക്കി.ഒരു ജോടി ജയവും ഒരു സമനിലയും തോൽവിയുമായി ചാമ്പ്യൻസ് ലീഗ് സ്റ്റാൻഡിംഗിൽ താൽക്കാലികമായി 11-ാം സ്ഥാനത്താണ് അലോൺസോയുടെ ലെവർകൂസൻ.42 കാരനായ അലോൻസോ 2004 മുതൽ അഞ്ച് വർഷത്തെ സ്പെല്ലിൽ ലിവർപൂളിനായി 210 മത്സരങ്ങൾ കളിച്ചു, കൂടാതെ ഇസ്താംബൂളിൽ എസി മിലാനെതിരെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയത്തിൽ അത്ഭുതകരമായ തിരിച്ചുവരവ് പൂർത്തിയാക്കിയ ടീമിൻ്റെ ഭാഗമായിരുന്നു.