മോശം ഫോമുമായി പൊരുതുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് സ്വയം മാറിനിന്നിരുന്നു. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ രോഹിതിന്റെ ഭാവിയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. രോഹിതിൻ്റെ അഭാവത്തിൽ ആദ്യ ടെസ്റ്റിലും ക്യാപ്റ്റനായിരുന്ന വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് സിഡ്നി ടെസ്റ്റിൽ നായകൻ.
നിലവിലെ ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത് ശർമ്മയ്ക്ക് 3 ടെസ്റ്റുകളിൽ 5 ഇന്നിംഗ്സുകളിൽ നിന്ന് 31 റൺസ് മാത്രമാണ് നേടാനായത്. 37 കാരനായ രോഹിത് ശർമ്മ കഴിഞ്ഞ കുറച്ചു കാലമായി മോശം ഫോമിലൂടെയാണ് കടന്നു പോവുന്നത്. 2024ൽ 24.76 ശരാശരിയിൽ രോഹിത് ശർമ 14 മത്സരങ്ങളിൽ 26 ഇന്നിങ്സുകളിൽ നിന്ന് 619 റൺസ് മാത്രമാണ് നേടിയത്.മെൽബൺ ടെസ്റ്റ് ഒരുപക്ഷേ രോഹിത് ശർമ്മയുടെ റെഡ് ബോൾ ക്രിക്കറ്റിലെ അവസാന മത്സരമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ വിശ്വസിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ മെൽബൺ ടെസ്റ്റ് രോഹിത് ശർമ്മയുടെ അവസാന ടെസ്റ്റായിരിക്കുമെന്നാണ് ഇതിനർത്ഥം എന്നാണ് സിഡ്നി ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ സുനിൽ ഗവാസ്കർ പറഞ്ഞത്.
കഴിഞ്ഞ വർഷം രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിൻ്റെ ഫോം മോശമായിക്കൊണ്ടിരുന്നു.. ടെസ്റ്റ് ക്രിക്കറ്റിലെ 11 വർഷത്തെ കരിയറിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നേടിയ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (2025-27) സൈക്കിൾ ഈ വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിനെതിരെ 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കുമെന്നും 2027 ഫൈനൽ കളിക്കാൻ കഴിയുന്ന ഒരു കളിക്കാരനെ സെലക്ടർമാർ ആവശ്യപ്പെടുമെന്നും സുനിൽ ഗവാസ്കർ പറഞ്ഞു. ഇന്ത്യ അവിടെ എത്തുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണെങ്കിലും സെലക്ഷൻ കമ്മിറ്റിയുടെ ചിന്ത ഇതായിരിക്കും.
രോഹിത് ശർമ്മ അവസാനമായി ടെസ്റ്റ് കളിക്കുന്നത് നമ്മൾ കണ്ടിരിക്കാം എന്നും ഗാവസ്കർ പറഞ്ഞു.പരമ്പരയിൽ ഇന്ത്യ 1-2 ന് പിന്നിലാണ്, ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്താൻ സിഡ്നി ടെസ്റ്റ് എന്ത് വില കൊടുത്തും ജയിച്ചേ മതിയാവൂ. ഇവിടെ ടീം തോറ്റാൽ 2025-ലെ ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടും. 2025 ജൂണിലാണ് ഇന്ത്യ അടുത്ത ടെസ്റ്റ് പരമ്പര കളിക്കേണ്ടത്.
സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 185 റൺസിന് പുറത്ത് ആയി . നാല് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് മൂന്നും കമ്മിൻസ് രണ്ടും വിക്കറ്റ് വീഴ്ത്തി. 40 റൺസ് നേടിയ റിഷാബ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. അവസാന വിക്കറ്റിൽ ബുംറ നേടിയ റൺസാണ് ഇന്ത്യയുടെ സ്കോർ 185 ലെത്തിച്ചത്.