ജൂൺ 9ന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെയാണ് ടി 20 ലോകകപ്പിൽ ഇന്ത്യ അടുത്തതായി നേരിടുക .അയർലൻഡിനെതിരെ ഇതേ വേദിയിൽ ഇന്ത്യ തങ്ങളുടെ അവസാന മത്സരത്തിൽ വിജയിച്ചപ്പോൾ, പാകിസ്ഥാൻ യുഎസ്എയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി.
പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായി, വെള്ളിയാഴ്ച പരിശീലന സെഷനിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ തള്ളവിരലിൽ പരിക്ക് പറ്റിയിരിക്കുകയാണ്. റെവ്‌സ്‌പോർട്‌സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സംഭവം നടക്കുമ്പോൾ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് നവാനെതിരെ രോഹിത് നെറ്റ്‌സിൽ ബാറ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ നായകന് ഉടനടി വൈദ്യസഹായം ലഭിച്ചു. പരിശോധനയ്ക്ക് ശേഷം രോഹിത് പരിശീലനം പുനരാരംഭിച്ചു.
അയർലൻഡിനെതിരായ മത്സരത്തിൽ രോഹിതിന് പരിക്കേറ്റിരുന്നു.രോഹിത് പിന്നീട് പറഞ്ഞത് ഇത് കൈയ്യിലെ വേദന മാത്രമാണെന്നും സാരമായ പരുക്കല്ലെന്നും എന്നാണ്.പാകിസ്താനെതിരെ നാളെ മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യൻ ആരാധകർക്ക് ആശങ്ക പടർത്തുന്ന വാർത്ത പുറത്തുവന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പാകിസ്താനെതിരെ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല.
ആദ്യ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്.ഇനി രോഹിത്ത് കളിച്ചില്ലങ്കില്‍ പകരം സഞ്ജു സാംസണോ, യശ്വസി ജയ്‌സ്വാളോ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലെത്തും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക.