ഐസിസി ബാറ്റർമാരുടെ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തു. പുതുക്കിയ ലിസ്റ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ മുന്നേറ്റം ഉണ്ടാക്കി. ശ്രീലങ്കക്കെതിരായ ഏകദിന ഫോർമാറ്റിൽ മികച്ച പ്രകടനം നടത്തിയ രോഹിത് ശർമ, റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 0-2ന് തോറ്റെങ്കിലും രോഹിത് 52.33 ശരാശരിയിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 157 റൺസ് നേടി.
നിലവിൽ 824 റേറ്റിംഗ് പോയിൻ്റുമായി പാക്കിസ്ഥാൻ്റെ ബാബർ അസം ചാർട്ടിൽ ഒന്നാമതുള്ളപ്പോൾ രോഹിത്തിന് 765 പോയിൻ്റാണുള്ളത്.രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ശുഭ്മാൻ ഗിൽ ഒരു സ്ഥാനം താഴോട്ട് ഇറങ്ങി മൂന്നാമതായി. വിരാട് കോഹ്ലി നാലാം സ്ഥാനം നിലനിർത്തി. പാകിസ്ഥാൻ സ്റ്റാർ ബാറ്റർ ബാബർ അസമാണ് ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി അയർലൻഡ് ബാറ്റർ ഹാരി ടെക്ടർ വിരാട് കോഹ്ലിക്കൊപ്പം നാലാം സ്ഥാനം പങ്കിട്ടു. ആദ്യ 20-ലെ മറ്റൊരു ഇന്ത്യൻ താരം ശ്രേയസ് അയ്യർ 16-ാം സ്ഥാനത്താണ്, കെഎൽ രാഹുൽ ഒരു സ്ഥാനം നഷ്ടപ്പെട്ട് 21-ാം സ്ഥാനത്താണ്.
Latest ICC ODI Rankings pic.twitter.com/krt1ZuOTKu
— 𝑺𝒉𝒆𝒃𝒂𝒔 (@Shebas_10dulkar) August 14, 2024
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ടീമിൽ ഇടം ലഭിക്കാതെ പോയ മലയാളി താരം സഞ്ജു സാംസൺ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യം നൂറിൽ ഇടം പിടിച്ചില്ല. നിലവിൽ 121-ാം സ്ഥാനത്താണ് സഞ്ജു സാംസൺ. 2023 ഡിസംബറിൽ തന്റെ അവസാന ഏകദിന മത്സരം കളിച്ച സഞ്ജു സാംസൺ, കരിയറിൽ 56.66 ശരാശരിയിൽ 99.60 സ്ട്രൈക്ക് റേറ്റിൽ 510 റൺസ് ആണ് സ്കോർ ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 108 റൺസ് ആണ് സഞ്ജുവിന്റെ കരിയറിലെ ഉയർന്ന ഏകദിന സ്കോർ.
ബൗളിംഗ് റാങ്കിംഗിൽ ഇടംകയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് നാലാം സ്ഥാനത്ത് തുടരുകയാണ്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്, ഓസ്ട്രേലിയയുടെ ജോഷ് ഹേസിൽവുഡ്, ആദം സാംപ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ആണ്.പേസർ ജസ്പ്രീത് ബുംറ എട്ടാം സ്ഥാനത്ത് തുടരുമ്പോൾ മുഹമ്മദ് സിറാജ് ന്യൂസിലൻഡിൻ്റെ ട്രെൻ്റ് ബോൾട്ടിനൊപ്പം ഒമ്പതാം സ്ഥാനത്തെത്തി.സീനിയർ സീമർ മുഹമ്മദ് ഷമി പന്ത്രണ്ടാം സ്ഥാനത്താണ്.
ശ്രീലങ്കൻ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ വാഷിംഗ്ടൺ സുന്ദർ (5 വിക്കറ്റ്, 3 മത്സരങ്ങൾ) 10 സ്ഥാനങ്ങൾ ഉയർന്ന് 87-ാം സ്ഥാനത്തെത്തി. ഓൾറൗണ്ടർമാരുടെ വിഭാഗത്തിൽ രവീന്ദ്ര ജഡേജ 16-ാം സ്ഥാനത്ത് തുടരുമ്പോൾ ഹാർദിക് പാണ്ഡ്യ നാല് സ്ഥാനങ്ങൾ താഴ്ന്ന് 26-ാം സ്ഥാനത്തെത്തി.118 റേറ്റിംഗ് പോയിൻ്റുമായി ടീം ഇന്ത്യ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തും 116 പോയിൻ്റുമായി ഓസ്ട്രേലിയ രണ്ടാമതും ദക്ഷിണാഫ്രിക്ക (112) രണ്ടാമതുമാണ്.