ഐപിഎൽ 2024 ലോകകപ്പിനായുള്ള ഒരു പ്ലാറ്റ്ഫോം ഓഡിഷനായി കണക്കാക്കപ്പെടുന്നു.ഐപിഎല്ലിൻ്റെ ഫൈനൽ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ അതായത് ജൂൺ 1 ന് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലുമായി ടി 20 വേൾഡ് കപ്പ് ആരംഭിക്കും. ഈ സീസണിലെ ഐപിഎല്ലിൽ പ്രായത്തെ വെല്ലുവിളിച്ച് മികച്ച പ്രകടനം നടത്തുന്ന രണ്ടു താരങ്ങളാണ് എംഎസ് ധോണിയും ദിനേശ് കാർത്തിക്കും.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ധോണിയെയും കാർത്തിക്കിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ രോഹിത് ശർമ്മയുടെ പ്രതികരണം വന്നിരിക്കുകയാണ്.ക്ലബ് പ്രേരി ഫയർ പോഡ്കാസ്റ്റിൽ സംസാരിക്കവെ എംഎസ് ധോണിയെയും ദിനേഷ് കാർത്തിക്കിനെയും രോഹിത് പ്രശംസിച്ചു.ഇതൊരുപക്ഷേ ധോണിയുടെ അവസാന ടൂർണമെന്റായേക്കും. ധോണി അസുഖബാധിതനും ക്ഷീണിതനുമാണ്. എന്നാൽ ദിനേശ് കാർത്തിക്കിനെ പറഞ്ഞ് മനസിലാക്കാൻ കഴിയും. ഡി കെയോട് താൻ സംസാരിക്കും. ലോകകപ്പിന് തയ്യാറാണെങ്കിൽ കാർത്തിക്ക് പറയട്ടെയെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.
“ഏറെ ചർച്ച ചെയ്യപ്പെട്ട വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ധോണിയെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നും എന്നാൽ ഡികെയെ ബോധ്യപ്പെടുത്താൻ എളുപ്പമായിരിക്കും,” രോഹിത് പറഞ്ഞു.മുംബൈക്കെതിരെയുള്ള മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിയ ധോണി വെറും നാല് പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു. ആ മത്സരത്തിൽ രോഹിതും സെഞ്ച്വറി നേടിയെങ്കിലും അത് പാഴായി.എസ്ആർഎച്ചിനെതിരെ 288 റൺസ് പിന്തുടരുന്നതിനിടെ കാർത്തിക് 35 പന്തിൽ 83 റൺസെടുത്തു.
കാർത്തിക് ഇന്ത്യൻ ടീമിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തുകയും 2022 ലെ ടി20 ലോകകപ്പിൽ കളിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ബംഗ്ലാദേശിനെതിരായ അഡ്ലെയ്ഡിൽ നടന്ന മത്സരത്തിന് ശേഷം അദ്ദേഹം ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ല. റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനായി 38 കാരനായ ദിനേഷ് കാർത്തിക് 205.45 സ്ട്രൈക്ക് റേറ്റിൽ 226 റൺസ് നേടിയിട്ടുണ്ട്.