ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റ് ലോകത്തുനിന്ന് വിട പറഞ്ഞു. 21 വർഷം നീണ്ടുനിന്ന കരിയറിനാണ് ജെയിംസ് ആൻഡേഴ്സൺ വിരാമം കുറിച്ചിരിക്കുന്നത്. ഇന്ന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ സ്റ്റാർ പേസർ, അദ്ദേഹത്തിന്റെ കരിയറിൽ 188 ടെസ്റ്റ് മത്സരങ്ങളും, 194 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 704 വിക്കറ്റുകളും, 269 ഏകദിന വിക്കറ്റുകളും ജെയിംസ് ആൻഡേഴ്സൺ പേരിലാക്കി.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഫാസ്റ്റ് ബൗളർ ആയ ജെയിംസ് ആൻഡേഴ്സൺ, സച്ചിൻ ടെണ്ടുൽക്കറിന് (200) ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച ക്രിക്കറ്റർ കൂടിയാണ്. വിരമിക്കുന്ന വേളയിൽ ഒരു ചാനൽ ഷോയിൽ, ഈ 21 വർഷത്തെ കരിയറിൽ നിങ്ങൾ നേരിട്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരാണ് എന്ന ചോദ്യത്തിന്, സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ജെയിംസ് ആൻഡേഴ്സൺ മറുപടി നൽകിയത്.
ജെയിംസ് ആൻഡേഴ്സന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ദിവസത്തിൽ, സച്ചിൻ ടെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചു. “ഹായ് ജിമ്മി! ഈ അവിശ്വസനീയമായ 22 വർഷത്തെ സ്പെൽ ഉപയോഗിച്ച് നിങ്ങൾ ആരാധകരെ കീഴടക്കി. നിങ്ങൾ വിടപറയുമ്പോൾ ഇതാ ഒരു ചെറിയ ആഗ്രഹം. ആ ആക്ഷൻ, വേഗത, കൃത്യത, സ്വിംഗ്, ഫിറ്റ്‌നസ് എന്നിവയ്‌ക്കൊപ്പം നിങ്ങൾ ബൗൾ ചെയ്യുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. നിങ്ങളുടെ ഗെയിമിലൂടെ നിങ്ങൾ തലമുറകളെ പ്രചോദിപ്പിച്ചു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രം –
കുടുംബത്തോടൊപ്പമുള്ള സമയം – ആ പുതിയ ജീവിതം തുടങ്ങുമ്പോൾ, നല്ല ആരോഗ്യവും സന്തോഷവും ഉള്ള ഒരു അത്ഭുതകരമായ ജീവിതം നിങ്ങൾക്ക് ആശംസിക്കുന്നു.” ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഇതിഹാസതാരങ്ങളിൽ ഒരാളായ സച്ചിൻ ടെണ്ടുൽക്കറുടെ ഈ വാക്കുകളിൽ ജെയിംസ് ആൻഡേഴ്സൺ എന്ന ക്രിക്കറ്റർ ആരായിരുന്നു എന്ന് പ്രകടമാണ്.