ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ഒരു തകർപ്പൻ ക്യാച്ച് സ്വന്തമാക്കി സഞ്ജു സാംസൺ. മത്സരത്തിൽ അപകടകാരിയായ വിൻഡിസ് താരം മേയേഴ്സിനെ പുറത്താക്കാനാണ് സഞ്ജു അവിശ്വസനീയ ക്യാച്ച് സ്വന്തമാക്കിയത്. ഈ ക്യാച്ചോടെ മത്സരത്തിൽ വിൻഡീസിന്റെ 3 വിക്കറ്റ് നഷ്ടമായി. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ തെല്ലും മടിക്കാതെ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ പിച്ച് ബാറ്റിംഗിനെ അനുകൂലിക്കുന്നത് ദൃശ്യമായിരുന്നു. ശേഷമാണ് രണ്ടാം ഓവറിൽ മേയേഴ്സ് അർഷദീപ് സിംഗിനെ അടിച്ചു തൂക്കാൻ ശ്രമിച്ചത്.
അർഷദീപ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഒരു തകർപ്പൻ ബൗണ്ടറി നേടാൻ മേയേഴ്സിന് സാധിച്ചിരുന്നു. ശേഷം നാലാം പന്തിൽ ഒരു സ്കൂപ്പ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു മേയേഴ്സ്. എന്നാൽ ബാറ്റിൽ കൊണ്ട് ഉയർന്ന പന്ത് കീപ്പർ സഞ്ജു സാംസൺ ഒരു തകർപ്പൻ ചാട്ടത്തിലൂടെ കൈപിടിയിൽ ഒതുക്കി. ഇതോടെ മേയെഴ്സ് കൂടാരം കയറുകയാണ് ഉണ്ടായത്. മത്സരത്തിൽ അടിച്ചു തുടങ്ങിയ മേയെഴ്സ് ഏഴു പന്തുകളിൽ 17 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ രണ്ടു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു.
എന്തായാലും ഈ വിക്കറ്റ് വെസ്റ്റിൻഡീസിനെ ബാക്ക് ഫുട്ടിൽ എത്തിച്ചിട്ടുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് വളരെയധികം നിർണായകമായ മത്സരം തന്നെയാണ് ഫ്ലോറിഡയിൽ നടക്കുന്നത്. ആദ്യം മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്ന സഞ്ജുവിന് നാലാം മത്സരം തന്റെ കഴിവ് തെളിയിക്കാൻ ഒരു അവസരം കൂടിയാണ്. അല്ലാത്തപക്ഷം ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്താൻ സഞ്ജു സാംസൺ നന്നായി വിയർക്കും. എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് മികച്ച തുടക്കം തന്നെയാണ് മത്സരത്തിൽ ലഭിച്ചിരിക്കുന്നത്.
നിലവിൽ 2-1 നിലയിൽ വെസ്റ്റിൻഡീസാണ് പരമ്പരയിൽ മുന്നിൽ നിൽക്കുന്നത്. എന്നിരുന്നാലും അവസാന രണ്ടു മത്സരങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ആധിപത്യം കൂടുതലാണ്. നാലാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് പരമ്പര സമനിലയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ യുവനിര.