മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ മത്സരം കൂടി കടന്നു വരികയാണ്. 2023 ഏഷ്യാകപ്പിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടിനാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. ഇതിനുശേഷം ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള ടീമിനെയും പ്രഖ്യാപിക്കും. 2023 സെപ്റ്റംബർ 5നാണ് ടീമുകൾക്ക് ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ശേഷം സെപ്റ്റംബർ 28 വരെ തങ്ങളുടെ ടീമിൽ മാറ്റം വരുത്താനും അനുമതിയുണ്ട്.
എന്നാൽ ഈ സാഹചര്യങ്ങളിലും ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള വെല്ലുവിളികൾ നിൽക്കുന്നു. ഏഷ്യാകപ്പിന് പിന്നാലെ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയും കളിക്കുന്നുണ്ട്. സെപ്റ്റംബർ 21 മുതൽ 27 വരെയാണ് ഈ പരമ്പര. അതിനാൽ തന്നെ ഏഷ്യാകപ്പിലും, ഈ പരമ്പരയിലും മികവാർന്ന പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെയാവും ഇന്ത്യ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കുക.
ഈ സാഹചര്യത്തിൽ മലയാളി താരം സഞ്ജു സാംസനിന്റെ സാഹചര്യങ്ങളും വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. ഏഷ്യാകപ്പിന് മുൻപുള്ള പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കാത്തതിന്റെ പേരിലാണ് ഇന്ത്യ സഞ്ജുവിനെ അകറ്റി നിർത്തിയിരിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിച്ചാൽ സഞ്ജുവിന് ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാനും കഴിഞ്ഞേക്കും.
നിലവിൽ 20കാരനായ തിലക് വർമയാണ് സഞ്ജു സാംസണിന്റെ പ്രധാന എതിരാളിയായുള്ളത്. ഒപ്പം വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും കെ എൽ രാഹുലും ശ്രെയസ് അയ്യരും നാലാം സ്ഥാനത്തിനായി സഞ്ജുവിനൊപ്പം പൊരുതുന്നുണ്ട്. ശ്രേയസ് അയ്യരും കെഎൽ രാഹുലും കഴിഞ്ഞ കുറച്ചുകാലങ്ങളായി പരിക്കിന്റെ പിടിയിലായിരുന്നു.
പക്ഷേ അവർ പരിക്കിൽ നിന്ന് ഇപ്പോൾ മോചിതരായിട്ടുണ്ട്. രാഹുൽ പൂർണ്ണമായി ഫിറ്റ് വീണ്ടെടുത്തിട്ടില്ലെങ്കിലും, ഏഷ്യാകപ്പിന്റെ അവസാന ഭാഗ മത്സരങ്ങളിൽ കളിക്കുമെന്നാണ് ദ്രാവിഡ് പറഞ്ഞത്. എന്നാൽ ഇരുവർക്കും പരുക്ക് ഭേദമായാൽ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് കൂടുതൽ പ്രയാസകരമാവും. എന്നിരുന്നാലും ലോകകപ്പിൽ എങ്ങനെയെങ്കിലും കയറിപ്പറ്റാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസൺ.