രാജസ്ഥാൻ റോയൽസിനെതിരെയുള്ള രണ്ടാം ക്വാളിഫയര്‍ വിജയിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഹൈദരാബാദ് ഏറ്റുമുട്ടും. ഇന്നലെ നടന്ന മത്സരത്തിൽ 36 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തി. വിജയം തേടിയിറങ്ങിയ സഞ്ജുവിനും സംഘത്തിനും 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ എത്താനെ സാധിച്ചുള്ളു.മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോറ്റതിന് ശേഷം, സ്പിന്നർമാരെ നേരിടാൻ തൻ്റെ ബാറ്റർമാർക്ക് ഒരു വഴിയും കണ്ടെത്താൻ കഴിയുന്നില്ലെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു.
“ഇതൊരു വലിയ കളിയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഞങ്ങൾ ബൗൾ ചെയ്ത രീതിയിൽ എനിക്ക് അഭിമാനമുണ്ട്. അവരുടെ സ്പിന്നിനെതിരെ മധ്യ ഓവറുകളിൽ ഞങ്ങൾക്ക് ഓപ്ഷനുകൾ കുറവായിരുന്നു, അവിടെയാണ് ഞങ്ങൾ കളി തോറ്റത്,” അദ്ദേഹം പറഞ്ഞു.രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ച ഉണ്ടാകുമോയെന്ന് ഊഹിക്കാൻ കഴിയുമായിരുന്നില്ല. പിച്ചിന്റെ സ്വഭാവം മാറി. വിക്കറ്റിൽ ടേണിംഗ് ഉണ്ടായത് ഹൈദരാബാദ് നന്നായി ഉപയോഗിച്ചു.നമ്മുടെ വലംകൈയ്യൻ ബാറ്റ്സ്മാൻമാർക്കെതിരെ അവർ മധ്യ ഓവറുകളിൽ അവരുടെ സ്പിൻ ബൗൾ ചെയ്തു, അവിടെയാണ് അവർ ഞങ്ങൾക്കെതിരെ വിജയിച്ചത്” സഞ്ജു പറഞ്ഞു.
സ്പിന്നർമാരെ അസ്വസ്ഥരാക്കാൻ ബാറ്റർമാർക്ക് വ്യത്യസ്തമായ എന്തെങ്കിലും ശ്രമിക്കാമായിരുന്നുവെന്ന് സാംസൺ പറഞ്ഞു.”അവരുടെ ഇടങ്കയ്യൻ സ്പിന്നിനെതിരെ, പന്ത് നിലക്കുമ്പോൾ, ഞങ്ങൾക്ക് റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിക്കാമായിരുന്നു, അല്ലെങ്കിൽ ക്രീസിൽ കുറച്ചുകൂടി ഉപയോഗിക്കാമായിരുന്നു. അവരും നന്നായി ബൗൾ ചെയ്തു” സഞ്ജു പറഞ്ഞു.മധ്യ ഓവറുകളിൽ സ്ലോ ട്രാക്കിൽ മനോഹരമായി പന്തെറിഞ്ഞ സന്ദീപ് ശർമ്മയെ സഞ്ജു പ്രശംസിച്ചു.
ബുംറയ്ക്ക് ശേഷമുള്ള അടുത്ത താരം സന്ദീപാകും. മികച്ച ഒരുപിടി താരങ്ങളെ കണ്ടെത്താനും രാജസ്ഥാന് കഴിഞ്ഞു. റിയാൻ പരാഗും ധ്രുവ് ജുറേലും രാജസ്ഥാന്റെ മാത്രം താരങ്ങളല്ല. അവരൊക്കെയും ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരങ്ങളാവുമെന്നും സഞ്ജു വ്യക്തമാക്കി.കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് ചില മികച്ച സീസണുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.