ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമായ വിക്കറ്റ് കീപ്പർ സഞ്ജു സാംസനെ കുറിച്ച് പല വേളകളിൽ നല്ല രീതിയിലും അനുകൂലിച്ചും സംസാരിച്ച വ്യക്തികളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അതുകൊണ്ടുതന്നെ, ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തിയപ്പോൾ, സഞ്ജുവിന് ഇന്ത്യൻ ടീമിൽ ധാരാളം അവസരം ലഭിക്കും എന്ന് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, ഗംഭീറിന്റെ ആദ്യ വിദേശ പര്യടനം ആയ ശ്രീലങ്കൻ പര്യടനത്തിൽ ടി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയപ്പോൾ ഏകദിന പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ ലോഞ്ചിന് എത്തിയ സഞ്ജു സാംസൺ, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, ഇല്ലെങ്കിൽ കളിക്കില്ല.!! #sanjusamson #cricket #zeemalayalamnews pic.twitter.com/M6iqWJBhnA
— Zee Malayalam News (@ZeeMalayalam) August 9, 2024
ടി20 മേജർ ടൂർണമെന്റുകൾ വരുമ്പോൾ സഞ്ജുവിനെ ഏകദിനം കളിപ്പിക്കുകയും, ഏകദിന ടൂർണമെന്റുകൾ വരുന്ന വേളയിൽ ടി20 മത്സരങ്ങൾ കളിപ്പിക്കുകയും ചെയ്യുന്നത് മാനേജ്മെന്റിന്റെ വേർതിരിവ് ആണെന്നും, ഇക്കാര്യത്തിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട് എന്നും ഇതിൽ എന്താണ് സഞ്ജുവിന്റെ പ്രതികരണം എന്നും ചോദ്യം ഉയർന്നപ്പോൾ, അത്തരം ആരോപണങ്ങൾ തനിക്കില്ല എന്നും, ഏത് ഫോർമാറ്റിൽ അവസരം ലഭിച്ചാലും കളിക്കാൻ തയ്യാറാണ് എന്നും സഞ്ജു പറഞ്ഞു.
ഇന്ത്യൻ ടീമിൽ കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, അല്ലെങ്കിൽ അതിന് വേണ്ടിയുള്ള പരിശ്രമം തുടർന്നുകൊണ്ടിരിക്കും, സഞ്ജു സാംസൺ കൃത്യതയോടെ തന്റെ മറുപടി പറഞ്ഞു. പുതിയ പരിശീലകൻ ഗൗതം ഗംഭീറിനെ കുറിച്ച് ചോദിച്ചപ്പോൾ, “കൊള്ളാം” എന്ന ഒറ്റവാക്കിൽ ആണ് സഞ്ജു മറുപടി നൽകിയത്. ഏകദിന – ടി20 ഫോർമാറ്റുകളിൽ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനും തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ സഞ്ജു, പരമാവധി രഞ്ജി ട്രോഫി മത്സരങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളും കളിക്കും എന്ന് പറഞ്ഞു.