ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നുന്ന ഫോമിലാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ കളിച്ചു കൊണ്ടിരിക്കുന്നത്. ഐപിഎല്ലിലെ മികച്ച ഫോം താരത്തിന് ടി 20 വേൾഡ് കപ്പ് ടീമിൽ ഇടം നേടികൊടുക്കുകയും ചെയ്തു. എസ് ശ്രീശാന്തിന് ശേഷം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ മാത്രം മലയാളിയാണ് സഞ്‌ജു സാംസണ്‍.ഈ സീസണിൽ 13 മത്സരങ്ങൾ കളിച്ച സഞ്ജു 56 ശരാശരിയിലും 156 സ്ട്രൈക്ക് റേറ്റിലും 504 റൺസ് നേടിയിട്ടുണ്ട്.അഞ്ച് അർദ്ധ സെഞ്ചുറികളും സഞ്ജു ഈ സീസണിൽ നേടിയിട്ടുണ്ട്.
സഞ്ജുവിന്റെ നായകത്വത്തിൽ രാജസ്ഥാൻ റോയൽസ് പ്ലെ ഓഫിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.സഞ്ജു സാംസൺ തൻ്റെ ക്യാപ്റ്റൻസിയിലും ബാറ്റിംഗിലും ഒരുപോലെ മതിപ്പുളവാക്കി. വേഗത്തിൽ സ്കോർ ചെയ്യാനും സ്പിന്നിനെയും പേസിനെയും തുല്യ അനായാസം കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ പലരും പ്രശംസിച്ചു. സഞ്ജുവിനോടുള്ള ആരാധനകൊണ്ട് മലയാളികൾ ഏറ്റവും ഇഷ്ടപെടുന്ന ടീമായി രാജസ്ഥാൻ മാറുകയും ചെയ്തു.ആരാധകരില്‍ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുയാണ് സഞ്ജു സാംസൺ.
സഞ്‌ജു മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.”ഞാൻ കേരളത്തിൽ നിന്നുള്ള താരമായതിനാൽ എനിക്ക് വളരെ സന്തോഷമുണ്ട്.കേരളത്തിൽ ഇത്രയും വര്‍ഷങ്ങളായി ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ഇന്ത്യയ്‌ക്കായി കളിക്കുമ്പോഴും ടീമില്‍ നിന്നും പുറത്താവുമ്പോളും ലഭിച്ച പിന്തുണയില്‍ വളരെ സന്തോഷം. ഇതു പറയാന്‍ വാക്കുകളില്ല.അത്രയും സന്തോഷമാണ്. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതാണ് എല്ലാവര്‍ക്കും താല്‍പര്യമെങ്കില്‍ ഇനിയും എന്‍റെ ഏറ്റവും മികച്ചത് നല്‍കാന്‍ ശ്രമിക്കും. എല്ലാവരും നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്‌ക്കും വളരെ നന്ദി” സഞ്ജു പറഞ്ഞു.
ഇന്ന് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും , ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ റോയൽസിന് രണ്ടാം സ്ഥാനം ഉറപ്പിക്കാനാവും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്ന സഞ്ജു ഇന്നത്തെ മത്സരത്തിൽ റൺസ് കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.