സിംബാബ്വെക്കെതിരെ അവസാന ടി20 മത്സരത്തിൽ 167 റൺസ് അടിച്ചെടുത്ത് ഇന്ത്യ. സഞ്ജു സാംസന്റെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിഗ്സിന് കരുത്തായത്. സഞ്ജു 45 പന്തിൽ നിന്നും ഒരു ഫോറും 4 സിക്സും അടക്കം 58 റൺസ് നേടി. ദുബെ 26 ഉം പരാഗ് 22 ഉം റൺസ് നേടി.
ടോസ് നേടിയ സിംബാബ്വെ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയെ രണ്ടു സിക്സറുകൾ പറത്തിയാണ് ജയ്സ്വാൾ ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ ആദ്യ ഓവറിലെ നാലാം പന്തിൽ 12 റൺസ് നേടിയ ജയ്സ്വാൾ പുറത്തായി. മൂന്നാമനായി ഇറങ്ങിയ അഭിഷേക് ശർമയും ക്യാപ്റ്റൻ ഗില്ലും സ്കോർ വേഗത്തിൽ ചലിപ്പിച്ചു. എന്നാൽ നാലാം ഓവറിൽ 14 റൺസ് നേടിയ അഭിഷേക് ശർമയെ ഇന്ത്യക്ക് നഷ്ടമായി.അടുത്ത ഓവറിൽ 13 റൺസ് നേടിയ ക്യാപ്റ്റൻ ഗില്ലും പുറത്തായി.
അതോടെ ഇന്ത്യ 40 റൺസിന് 3 എന്ന നിലയിലായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജുവും പരാഗും ഇന്ത്യയെ കരകയറ്റി. ഇരുവരും അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പൂർത്തിയാക്കുകയും സ്കോർ 100 കടത്തുകയും ചെയ്തു. ഇന്ത്യൻ ഇന്നിങ്സിലെ പന്ത്രണ്ടാമത്തെ ഓവറിൽ സഞ്ജു നേടിയ പടുകുറ്റൻ സിക്സ് തന്നെയുമാണ് ക്രിക്കറ്റ് പ്രേമികളെയും കാണികളെയുമെല്ലാം ആവേശത്തിലാക്കി മാറ്റിയത്. സിംബാബ്വേ സ്പിന്നർക്കെതിരെ ക്രീസിൽ നിന്നും ചാടി ഇറങ്ങിയ സഞ്ജു പായിച്ചത് 110 മീറ്റർ സിക്സ്. സഞ്ജു ഈ സിക്സിൽ പന്ത് അതിർത്തി കടന്നുപോയി.
സ്കോർ 105 ൽ നിൽക്കെ 22 റൺസ് നേടിയ പരാഗിനെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ 39 പന്തിൽ നിന്നും സഞ്ജു ഫിഫ്റ്റി പൂർത്തിയാക്കി.സ്കോർ 135 ൽ നിൽക്കെ സഞ്ജുവിനെ നഷ്ടമായി. 45 പന്തിൽ നിന്നും ഒരു ഫോറും 4 സിക്സും അടക്കം 58 റൺസ് നേടി.ടി 20 യിലെ സഞ്ജുവിന്റെ രണ്ടാം ഫിഫ്റ്റി ആയിരുന്നു ഇത്. ടി 20 യിൽ 300 സിക്സ് സഞ്ജു തികക്കുകയും ചെയ്തു. 19 ആം ഓവറിൽ ഫോറും സിക്സും അടിച്ച് ദുബെ ഇന്ത്യൻ സ്കോർ 150 കടത്തി. 20 ഓവറിലെ ആദ്യ പന്തിൽ 26 റൺസ് നേടിയ ദുബൈ റൺ ഔട്ടായി.