ഇന്ത്യൻ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി :20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ നാളെയാണ്. സൗത്താഫ്രിക്കക്കെതിരായ സ്വപ്ന ഫൈനലിൽ ഇന്ത്യൻ ടീം ജയിച്ചു കിരീടം നേടുമെന്നാണ് ആരാധകർ അടക്കം പ്രതീക്ഷ. രോഹിത് ശർമ്മ മുന്നിൽ നിന്നും നയിക്കുമ്പോൾ ഇന്ത്യൻ ബൌളിംഗ് നിരയും മികച്ച ഫോമിലാണ്. ആൾ റൗണ്ട് മികവുമായി എത്തുന്ന ഇന്ത്യൻ ടീം 2007ന് ശേഷം ആദ്യത്തെ ടി :20 ലോകക്കപ്പ് നേടുമെന്നാണ് വിശ്വാസം.
എന്നാൽ നാളത്തെ മാച്ചിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മാറ്റം വരുമോ എന്നതാണ് പ്രധാന ചോദ്യം. മോശം ഫോമിലുള്ള ശിവം ദൂബൈക്ക് പകരം സഞ്ജു സാംസൺ ഫൈനലിൽ ഇന്ത്യക്ക് വേണ്ടി കളിക്കാൻ എത്തണമെന്നാണ് സജീവമായ ആവശ്യം. ഈ വാദം സോഷ്യൽ മീഡിയയിൽ അടക്കം സജീവമാണ്. അതേ സമയം സഞ്ജു സാംസൺ ഉറപ്പായും നാളത്തെ ഫൈനൽ കളിക്കണമെന്ന് മലയാളികൾ പറയുവാൻ കാരണം മറ്റൊന്നാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകക്കപ്പ് നേടിയ മൂന്ന് സന്ദർഭങ്ങളിൽ കൂടെ മലയാളി താരവും ഉണ്ട്.1983ലെ പ്രഥമ ലോകക്കപ്പ് വിജയം നോക്കൂ, അന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കപിൽ ദേവ് നേതൃത്വത്തിൽ കിരീടം നേടി ചരിത്രം സൃഷ്ടിച്ചപ്പോൾ മലയാളിയായ സുനിൽ വൽസൺ ലോകക്കപ്പ് സ്‌ക്വാഡ് അംഗം ആയിരുന്നു.തമിഴ്‌നാട്ടിൽ നിന്നുള്ള ഇടംകൈയ്യൻ ബൗളറായ സുനിൽ വൽസൺ 1983 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.
ശേഷം 2007ൽ പ്രഥമ ടി :20 ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യ കരസ്ഥമാക്കിയപ്പോൾ മലയാളി സ്റ്റാർ പേസർ എസ്. ശ്രീശാന്ത് ഇന്ത്യൻ സ്‌ക്വാഡിന്റെ ഭാഗമായി. ശ്രീ ആ ടി :20 വേൾഡ് കപ്പ് നേട്ടത്തിൽ നിർണായക പങ്കു വഹിച്ചു. ഫൈനലിൽ മിസ്ബ ക്യാച്ച് നേടി ഇന്ത്യൻ കിരീടനേട്ടം തന്നെ സാധ്യമാക്കിയത് ശ്രീശാന്ത് തന്നെയാണ്.കൂടാതെ 2011ൽ ഇന്ത്യൻ ടീം ഏകദിന ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയപ്പോൾ ഇന്ത്യൻ സംഘത്തിലെ സ്റ്റാർ ബൗളർ ആയി മലയാളി പയ്യൻ ശ്രീശാന്ത് ഉണ്ടായിരുന്നു. ഫൈനലിൽ അടക്കം പ്ലെയിങ് ഇലവൻ ഭാഗമായി ശ്രീ എത്തി.