ടീം ഇന്ത്യയ്‌ക്കായുള്ള പതിനൊന്നംഗ ടീമിൽ സ്ഥിരതയാർന്ന അവസരം ലഭിക്കാത്തതിൽ തനിക്ക് ആശങ്കയില്ലെന്ന് കേരളത്തിൻ്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ.ഇടംകയ്യൻ ഋഷഭ് പന്താണ് ഇപ്പോൾ ഇന്ത്യൻ ടീമിലെ ഒന്നാം നിര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. അതുകൊണ്ട് തന്നെ സഞ്ജു സാംസണിന് തുടർച്ചയായി അവസരങ്ങൾ ലഭിക്കുന്നില്ല.
ഏറ്റവും പുതിയ ശ്രീലങ്കൻ പര്യടനത്തിൽ ടി20 പരമ്പര കളിച്ച സഞ്ജുവിനെ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ചിരുന്നില്ല.ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ക്യാപ്റ്റനായി തിളങ്ങിയ സഞ്ജു സാംസൺ കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ദേശീയ ടീമിൽ ഇടം ലഭിക്കാത്തതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്.”ടീം ഇന്ത്യ സെലക്ഷൻ കമ്മിറ്റി എനിക്ക് അവസരം തരുമ്പോഴെല്ലാം ടീം ഇന്ത്യയെ സേവിക്കാൻ ഞാൻ തയ്യാറാണ്. പ്ലെയിംഗ് ഇലവനിലേക്ക് എന്നെ തിരഞ്ഞെടുത്താൽ ഞാൻ അത് ഉപയോഗിക്കും. അവസാനം ഞങ്ങളുടെ ലക്ഷ്യം ഞങ്ങളുടെ ടീം മികച്ച പ്രകടനം നടത്തണം എന്നതാണ്.എൻ്റെ നിയന്ത്രണം ടീം ഇന്ത്യ സെലക്ടർമാരുടേ കയ്യിലാണ്” സഞ്ജു പറഞ്ഞു.
അടുത്തിടെ ശ്രീലങ്കൻ പര്യടനത്തിനിടെ സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കളിച്ച 3 മത്സരങ്ങളുടെ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ കളിക്കാൻ സഞ്ജു സാംസണിന് അവസരം ലഭിച്ചു. എന്നാൽ, ബാറ്റിംഗ് പരാജയത്തെ തുടർന്ന് ഡക്ക് ഔട്ട് ആയത് വലിയ നിരാശയാണ് സമ്മാനിച്ചത്. പിന്നീട് വിക്കറ്റ് കീപ്പിങ്ങിൽ ചില പിഴവുകൾ വരുത്തി വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ടി20 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നെകിലും കളിയ്ക്കാൻ അവസരം ലഭിച്ചിരുന്നില്ല.ഐപിഎൽ 2024 ടൂർണമെൻ്റിൽ രാജസ്ഥാൻ റോയൽസ് ടീമിനായി 500ലധികം റൺസ് നേടിയിരുന്നു. ഇക്കാരണത്താൽ, അദ്ദേഹത്തെ ടി20 ലോകകപ്പിലേക്ക് കൊണ്ടുപോയി.