‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ : ടി20 ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍ | Sanju Samson

കഴിഞ്ഞ ദിവസം 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസൺ ഇടം കണ്ടെത്തിയിരുന്നു.ഇന്നലെയാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് സഞ്ജു സാംസൺ ലോകകപ്പ് ടീമിലേക്ക് എത്തിയത്.

ആദ്യമായാണ് സഞ്ജു ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം കണ്ടെത്തുന്നത്.രോഹിത് ശര്‍മ്മ നയിക്കുന്ന 15 അംഗ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവും റിഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാർ . ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതിന് പിന്നാലെ സഞ്ജുവിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സഞ്ജു സന്തോഷം പ്രകടിപ്പിച്ചത്.

“വിയര്‍പ്പു തുന്നിയിട്ട കുപ്പായം…” എന്ന ഹിറ്റ് ഗാനത്തിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള സ്വന്തം ഫോട്ടോയും സഞ്ജു പങ്കുവച്ചിട്ടുണ്ട്. സഞ്ജുവിന്റെ ഈ ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. താരത്തിന് അഭിനന്ദനമറിയിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. 2022ലെ ടി20 ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും സാംസണെ അവഗണിച്ചിരുന്നു, ഇതിന് ആരാധകരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.സാംസൺ അവിശ്വസനീയമായ കളിക്കാരൻ ആണെന്നും ഭാവിയിൽ അവസരം ലഭിക്കുമെന്നും 2022ൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.

ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.

4/5 - (1 vote)