ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനാറിൽ ചായക്ക് പിരിയുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റിന് 376 എന്ന നിലയിലാണ്. 56 റൺസുമായി സർഫറാസ് ഖാനും 44 റൺസുമായി അരങ്ങേറ്റക്കാരൻ പടിക്കലുമാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് ഇപ്പോൾ 158 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ വലിയ ലീഡിലേക്കാണ് പോവുന്നത്. ക്യാപ്റ്റൻ രോഹിത് ശര്മയുടെയും ഗില്ലിന്റെയും സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിഗ്‌സിന് കരുത്തേകിയത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയില്‍നിന്ന് രണ്ടാംദിവസം തുടങ്ങിയ ഇന്ത്യ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. രോഹിതും ഗില്ലും ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.ടെസ്റ്റ് കരിയറില്‍ രോഹിതിന്‍റെ 12-ാം സെഞ്ച്വറിയാണ് രോഹിത് നേടിയത് . നേരിട്ട 154-ാംപന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്.രാജ്‌കോട്ടിൽ 131 റൺസും റാഞ്ചിയിൽ നടന്ന അവസാന മത്സരത്തിൽ 55 റൺസും നേടിയ രോഹിതിൻ്റെ പരമ്പരയിലെ മൂന്നാമത്തെ 50 പ്ലസ് സ്കോറാണിത്.
തൻ്റെ ഓവർനൈറ്റ് സ്കോർ 52-ൽ പുനരാരംഭിച്ച രോഹിത് തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു.162 പന്തുകളില്‍ 103 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടെയാണിത്. 5 സിക്‌സും 12 ഫോറും ഉല്‍പ്പെടെ ശുഭ്മാന്‍ ഗില്‍ 110 റണ്‍സ് നേടി പുറത്തായി. രോഹിത്തിനെ ബെന്‍ സ്‌റ്റോക്‌സും ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് മടക്കിയത്. മത്സരത്തില്‍ നേരിട്ട 139-ാം പന്തില്‍ ഷൊയ്‌ബ് ബഷീറിനെ ബൗണ്ടറി പായിച്ചാണ് ഗില്‍ സെഞ്ച്വറിയിലേക്ക് എത്തിയത്. പരമ്പരയില്‍ താരത്തിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. ഗില്ലിന്‍റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് ധർമശാലയില്‍ പിറന്നത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലീഷ് പടയ്‌ക്ക് ഓപ്പണര്‍മാരായ സാക്ക് ക്രാവ്‌ലിയും ബെൻ ഡക്കറ്റും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സ് ഇംഗ്ലീഷ് സ്കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.18-ാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് യാദവാണ് ബെൻ ഡക്കറ്റിനെ മടക്കി (27) കൂട്ടുകെട്ട് പൊളിച്ചത്. ആദ്യ ദിനം ലഞ്ചിന് പിരിയുന്നതിന് മുന്‍പ് ഇംഗ്ലീഷ് സ്കോര്‍ 100ല്‍ നില്‍ക്കെ മൂന്നാം നമ്പറില്‍ എത്തിയ ഒല്ലീ പോപ്പിനെയും കുല്‍ദീപ് പുറത്താക്കി. പിന്നീട്, കൃത്യമായ ഇടവേളകളില്‍ ഇന്ത്യ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകള്‍ പിഴുതുകൊണ്ടേയിരുന്നു.അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇംഗ്ലണ്ടിനെ 218 റൺസിന് പുറത്താക്കി.