ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 2023 ലോകകപ്പ് ഫൈനലിനായി ഉപയോഗിച്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിനെ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് അടുത്തിടെ വിമർശിച്ചിരുന്നു. ഫൈനലിൽ നിർണായകമായ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയും മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ 240 റൺസിന് ഒതുക്കുകയും ചെയ്തു.
തുടക്കം പതറിയെങ്കിലും ഹെഡിന്റെ മിന്നുന്ന സെഞ്ചുറിയുടെ ബലത്തിൽ 43 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ ലക്ഷ്യം കണ്ടു. എന്നാൽ ഹർഭജന്റെ അഭിപ്രായത്തിൽ ഫൈനലിൽ ഇന്ത്യയുടെ കയ്യിൽ നിന്നും കളി പോയത് 11 മുതൽ 50 വരെയുള്ള ഓവറുകളിലാണ്.10 മുതൽ 50 വരെ ഓവറുകൾക്കിടയിൽ നാല് ബൗണ്ടറികൾ മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചത്.
”10-ാം ഓവർ മുതൽ 50-ാം ഓവർ വരെ 40 ഓവറിൽ നാല് ബൗണ്ടറികൾ മാത്രം അടിച്ച ഒരു കളി ഞാൻ കണ്ടിട്ടില്ല. ആ സാഹചര്യത്തെ മറികടക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ല.നാല് ബൗണ്ടറികൾ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. വളരെ ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കാണിത്.ഞാൻ തിരിഞ്ഞു നോക്കുകയും എന്താണ് സംഭവിച്ചതെന്ന് കാണുകയും ചെയ്താൽ, വ്യക്തമായും കൂടുതൽ സമ്മർദ്ദം ഉണ്ടായിരുന്നു. ബൗണ്ടറികൾ അടിക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്” ഹർഭജൻ പറഞ്ഞു.
“ഫൈനൽ കളിക്കുമ്പോൾ നിങ്ങൾ മുന്നോട്ട് പോകണം, അവിടെ നിങ്ങൾ എതിരാളികളെക്കാൾ ആധിപത്യം സ്ഥാപിക്കുകയും അവരുടെ കണ്ണുകളിലേക്ക് നോക്കുകയും ഞങ്ങൾ വിജയിക്കാൻ ഇവിടെയുണ്ടെന്ന് പറയുകയും വേണം. രോഹിത് പുറത്തായപ്പോൾ ആ കളിയിൽ എല്ലാം തികച്ചും വ്യത്യസ്തമായി കാണപ്പെട്ടു” ഹർഭജൻ കൂട്ടിച്ചേർത്തു.
രോഹിത് ശർമയുടെ (31 പന്തിൽ 47) മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറിൽ സ്കോർ ബോർഡ് ചലിപ്പിക്കാനായില്ല. കോലിയും രാഹുലും അർദ്ധ സെഞ്ച്വറി നേടിയെങ്കിലും വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ സാധിച്ചില്ല.ഇന്ത്യയാണ് മികച്ച ടീമെന്ന് കരുതിയെങ്കിലും ഫൈനലിൽ ഓസ്ട്രേലിയൻ ടീം മികച്ച പദ്ധതിയുമായി ഇറങ്ങി അവർ നന്നായി നടപ്പിലാക്കി മത്സരം വിജയിച്ചു കിരീടവുമായി പോയെന്ന് ഹർഭജൻ പറഞ്ഞു.