ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ശക്തമായ ഫിനിഷിങ്ങുമായി ഓസ്ട്രേലിയ. ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ ഇന്നിംഗ്സിൽ ശക്തമായ രീതിയിൽ തന്നെയാണ് ഓസ്ട്രേലിയ ഫിനിഷ് ചെയ്തിരിക്കുന്നത്. ബാറ്റിംഗിന് വളരെയധികം അനുകൂലമല്ലാത്ത സാഹചര്യത്തിലും നിശ്ചിത 50 ഓവറുകളിൽ 276 റൺസ് സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്.
ഡേവിഡ് വാർണർ, ജോഷ് ഇംഗ്ലീസ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളാണ് ഓസ്ട്രേലിയയെ ഇത്തരം ഒരു സ്കോറിൽ എത്തിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷാമിയാണ് ബോളിങ്ങിൽ മികവ് പുലർത്തിയത്. ഷാമി മത്സരത്തിൽ 5 വിക്കറ്റുകൾ സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു. മിച്ചൽ മാർഷിനെ(4) ഓസ്ട്രേലിയക്ക് ആദ്യം തന്നെ നഷ്ടമായി. എന്നാൽ പിന്നീട് ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ക്രീസിൽ ഉറയ്ക്കുകയുണ്ടായി. വാർണർ 53 പന്തുകളിൽ 52 റൺസ് നേടിയപ്പോൾ, സ്മിത്ത് 60 പന്തുകളിൽ 49 റൺസാണ് നേടിയത്. പിന്നീടെത്തിയ ബാറ്റർമാരൊക്കെയും ക്രീസിൽ പൊരുതുകയുണ്ടായി. ലാബുഷൈൻ(39) ഗ്രീൻ(31) എന്നിവർ മധ്യ ഓവറുകളിൽ സ്കോറിംഗ് ചലിപ്പിച്ചു. ജോഷ് ഇംഗ്ലീസ് 45 പന്തുകളിൽ 45 റൺസുമായി ഓസ്ട്രേലിയൻ കോട്ടയ്ക്ക് കാവലായി.
Career-best ODI figures for Mohammed Shami as India restrict Australia to 276 in the first ODI at Mohali 🖐️#INDvAUS pic.twitter.com/kLz4w5GQF3
— Wisden (@WisdenCricket) September 22, 2023
എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് പല സമയത്തും തിരിച്ചെത്തിയിരുന്നു. ഇന്ത്യക്കായി ബോളിങ്ങിൽ മുഹമ്മദ് ഷാമിയാണ് തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. നിശ്ചിത 10 ഓവറുകളിൽ 51 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റുകൾ മുഹമ്മദ് ഷാമി സ്വന്തമാക്കുകയുണ്ടായി. എന്നാൽ താക്കൂർ അടക്കമുള്ള ബോളർമാർ തല്ലു വാങ്ങിക്കൂട്ടിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. മാത്രമല്ല ഫീൽഡിങ്ങിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യ ഇന്നിംഗ്സിലൂടനീളം കാഴ്ചവച്ചത്. ലോകകപ്പിന് തയ്യാറാകുമ്പോൾ ഇത്തരം മോശം പ്രകടനങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടി സൃഷ്ടിക്കും എന്നത് ഉറപ്പാണ്.