ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള പഞ്ചാബ് കിംഗ്‌സിൻ്റെ ചരിത്രപരമായ 8 വിക്കറ്റ് വിജയത്തിൽ ഇംഗ്ലീഷ് താരം ബെയർസ്റ്റോയും അൺക്യാപ്പ്ഡ് ഇന്ത്യൻ ബാറ്റർ ശശാങ്ക് സിംഗും നിർണായക പങ്കാണ് വഹിച്ചത്.ഇരുവരും ചേർന്ന് 37 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി ടീമിനെ വിജയത്തിലെത്തിച്ചു.
വെറും 28 പന്തിൽ പുറത്താകാതെ 68 റൺസ് നേടിയ ശശാങ്ക് 48 പന്തിൽ നിന്ന് 108 റൺസ് നേടിയ ബെയർസ്റ്റോയുടെ ഉറച്ച ഇന്നിംഗ്സിന് മികച്ച പിന്തുണ നൽകി.പിബികെഎസ് ക്യാപ്റ്റൻ സാം കുറാൻ ശശാങ്കിനെ ടൂർണമെൻ്റിലെ മികച്ച താരമായി വാഴ്ത്തി. “ശശാങ്ക് സിംഗ് ഞങ്ങൾക്ക് ടൂർണമെൻ്റിൻ്റെ കണ്ടെത്തലായിരുന്നു,” മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ കുറാൻ പറഞ്ഞു.ഓരോ കളിക്കാരൻ്റെയും പ്രകടനത്തിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ടീമിൻ്റെ കൂട്ടായ പരിശ്രമത്തെ കുറാൻ അഭിനന്ദിച്ചു. ക്യാപ്റ്റൻ മറ്റ് കളിക്കാരെ അഭിനന്ദിക്കുകയും എല്ലാവരിലും അഭിമാനമുണ്ടെന്നും പറഞ്ഞു.
കെകെആറിനെതിരെ പിബികെഎസിൻ്റെ 262 റൺസ് ചേസ് ടി20 ഫോർമാറ്റിലെ എക്കാലത്തെയും ചരിത്രപരവും ഐതിഹാസികവുമായ ചേസായി മാറും.ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ സുനിൽ നരെയ്‌നും ഫിൽ സാൾട്ടും ചേർന്ന് 261 റൺസിലെത്തിച്ചു.പിബികെഎസ് ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല, ജോണി ബെയർസ്റ്റോയുടെ ഗംഭീരമായ സെഞ്ചുറിയും ശശാങ്ക് സിംഗിന്റെ (28 പന്തില്‍ 68) ഫിനിഷിംഗും പ്രഭ്‌സിമ്രാന്‍ സിംഗ് (20 പന്തില്‍ 54) നല്‍കിയ തുടക്കവും 8 പന്തുകൾ ബാക്കിനിൽക്കെ, ഈ കൂറ്റൻ ടോട്ടൽ വിജയകരമായി പിന്തുടരാൻ ടീമിനെ സഹായിച്ചു.
ലേലത്തിനിടെ ആകസ്മികമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഈ സീസണിൽ മികച്ച ഫോമിലുള്ള ശശാങ്ക് ടീമിന് ആവശ്യമായ നിരക്ക് 12 ന് മുകളിൽ ഉയർന്നപ്പോഴാണ് ക്രീസിലെത്തിയത്. ബെയർസ്റ്റോയെ പിന്തുണക്കുക മാത്രമല്ല, 242.86 സ്‌ട്രൈക്ക് റേറ്റിൽ റൺസ് അടിച്ചുകൂട്ടികൊണ്ട് പഞ്ചാബിനായി വേണ്ടി കാര്യങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.023 ഡിസംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 പതിപ്പിനായുള്ള ലേലത്തിൻ്റെ അവസാനം, ഒരു കളിക്കാരൻ്റെ പേരിൽ ആശയക്കുഴപ്പത്തിലാകുകയും ശശാങ്ക് സിങ്ങിനെ ആളുമാറി ലേലത്തില്‍ വിളിച്ചതിനു പഞ്ചാബ് കിങ്‌സ് തന്നെ തലയില്‍ കൈവെച്ചു.
32 കാരനായ ശശാങ്ക് ഇതിന്റെ പേരില്‍ കുറേ ട്രോള്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്.19 കാരനായ ബാറ്ററിന് പകരം പഞ്ചാബ് കിംഗ്‌സ് മാനേജ്‌മെൻ്റ് 20 ലക്ഷം രൂപയ്ക്ക് ഛത്തീസ്ഗഡിന് വേണ്ടി കളിക്കുന്ന 32 കാരനായ ശശാങ്ക് സിങ്ങിനെ വാങ്ങി. ഡൽഹി ക്യാപിറ്റൽസ് , രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയുടെ ഭാഗമായിരുന്ന ശശാങ്ക് പഞ്ചാബിന്റെ ഹീറോയായി തിളങ്ങി നില്‍ക്കുകയാണ് താരം.ഡക്കിന് പുറത്തായത്കൊണ്ട് പഞ്ചാബിനായി ശശാങ്കിൻ്റെ സീസണിലെ ആദ്യ മത്സരം മറക്കാനാവാത്ത ഒന്നായി മാറി. എന്നാൽ പിന്നീട് ശക്തമായി തിരിച്ചുവന്ന ശശാങ്ക് അടുത്ത നാല് ഗെയിമുകളിൽ 21, 9, 61, 46 സ്‌കോറുകൾ നേടി.
2022-ൽ വീണ്ടും ഐപിഎൽ അരങ്ങേറ്റം കുറിച്ച വലംകൈയ്യൻ ബാറ്റർ ഈ സീസണിൽ 182.64 എന്ന സെൻസേഷണൽ സ്‌ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറികളോടെ 263 റൺസ് അടിച്ചെടുത്തു.19 ബൗണ്ടറികളും 18 സിക്സറുകളുമാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ഇത്തവണ പിറന്നത്. ഐപിഎല്ലിന് ശേഷം ഇക്കുറി ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ് ഇത്ര കിടിലൻ ഫോമിലുള്ള ശശാങ്കിനെ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് പരിഗണിക്കണമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.