2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. യുവതാരങ്ങളും പരിചയസമ്പന്നരും അടങ്ങിയ ഒരു മിക്സഡ് സ്ക്വാഡാണ് ഇന്ത്യ ഈ ലോകകപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധമായി മാറാൻ പോകുന്ന ഒരു താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്.
ഇന്ത്യയുടെ യുവ ഓപ്പണറായ ശുഭ്മാൻ ഗിൽ ഇന്ത്യക്കായി ഇത്തവണത്തെ ലോകകപ്പിൽ നിറഞ്ഞാടും എന്നാണ് ആദം ഗിൽക്രിസ്റ്റ് പറയുന്നത്. ഈ വർഷം തന്നെ 70 റൺസിന് മുകളിൽ ശരാശരിയിൽ 1000 റൺസോളം ഗിൽ ഏകദിന ക്രിക്കറ്റിൽ നേടിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഗിൽ ലോകകപ്പിൽ പ്രധാനിയായി മാറും എന്ന് ഗിൽക്രിസ്റ്റ് പറയുന്നത്.
“ശുഭ്മാൻ ഗിൽ. അവൻ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ചെയ്ത കാര്യങ്ങൾ എന്നെ വിസ്മയിപ്പിക്കുകയാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി അവൻ മാറാൻ ഒരുപാട് സാധ്യതകളുണ്ട്. നിലവിൽ ഇന്ത്യൻ ടീമിന് അനുഭവ സമ്പന്നതയുടെ ഒരു സന്തുലിതാവസ്ഥ തന്നെയാണ് ഉള്ളത്. രോഹിതും വിരാട് കോഹ്ലിയും അടക്കമുള്ള താരങ്ങൾ ഇന്ത്യൻ നിരയിൽ അണിനിരക്കുന്നു. രാഹുൽ ഇപ്പോൾ തന്നെ പരിചയസമ്പന്നനായ ഒരു ക്രിക്കറ്ററാണ്. മാത്രമല്ല കുറച്ചധികം യുവ രക്തങ്ങളും ഇന്ത്യൻ നിരയിലുണ്ട്. ഇത് ടീമിന് കൂടുതൽ ബാലൻസ് ഉണ്ടാക്കുന്നു.”- ഗിൽക്രിസ്റ്റ് പറയുന്നു.
Adam Gilchrist on Gill's performance🏏#sikanderplayx #sikandersportsx #shubmangill #shubmangill #adamgilchrist pic.twitter.com/J7sycOxCQ5
— SikanderSportsX (@sikandersportsx) September 23, 2023
“മധ്യനിരയിൽ ഹർദിക് പാണ്ട്യയുടെ പവർ ഗെയിം ഇതിന് ഒരു ഉദാഹരണമാണ്. വളരെ കഴിവുള്ള താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഇത്തവണ എത്തുന്നത്. അവർക്ക് വലിയ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. 2011ലെതുപോലെ അവർക്ക് ആ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കാൻ സാധിച്ചാൽ അതൊരു ചരിത്രമാവും. സമ്മർദ്ദങ്ങളുടെ നിഴലിനടിയിൽ നിന്ന് ഇന്ത്യ പുറത്തുവന്നാൽ മത്സരം കൂടുതൽ മികച്ചതാവും. എന്നിരുന്നാലും സ്വന്തം മണ്ണിൽ കളിക്കുമ്പോൾ ഇന്ത്യയ്ക്ക് അല്പം വെല്ലുവിളിയുണ്ട്.”- ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു.