ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ മികച്ച ഫോമിലാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കളിച്ചികൊണ്ടിരിക്കുന്നത്.2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കും. പരിമിതമായ സ്ലോട്ടുകൾക്കായി നിരവധി കളിക്കാർ നേരിട്ടുള്ള മത്സരത്തിലാണ്. ഋഷഭ് പന്തും സഞ്ജു സാംസണും വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി കടുത്ത മത്സരത്തിലാണ്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ധു സഞ്ജു സാംസണ് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്.വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ റോളിലേക്ക് കെഎൽ രാഹുലിനേക്കാളും ഋഷഭ് പന്തിനേക്കാളും മുകളിൽ സിദ്ധു തെരഞ്ഞെടുത്തത് സഞ്ജുവിനെയാണ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയുള്ള മത്സരത്തിൽ 33 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്.
“നമ്പർ 1 സഞ്ജു സാംസണാണ് ,അദ്ദേഹം മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇത് വ്യത്യസ്തമായ സാംസൺ ആണ്”ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ്റെ മിന്നുന്ന പ്രകടനം കണ്ട സിദ്ധു പറഞ്ഞു. സഞ്ജുവിന്റെ നിലവിലെ ഫോം തന്നെ ടീമിൽ ഉൾപ്പെടുത്തുന്നതിനുള്ള ശക്തമായ കാരണമായി സിദ്ധു ചൂണ്ടിക്കാട്ടി.
ഈ സീസണിൽ ബാറ്റ് കൊണ്ടും വിക്കറ്റ് പിന്നിലും നായകനായും സഞ്ജു മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.9 മത്സരങ്ങളിൽ നിന്ന് 77.00 ശരാശരിയിലും 161.08 സ്ട്രൈക്ക് റേറ്റിലും 385 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. നാല് അർധസെഞ്ചുറികളും 36 ഫോറുകളും 17 സിക്സറുകളും സഞ്ജു നേടിയിട്ടുണ്ട്.