ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 32 റൺസിന്റെ തോൽവി. 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 208 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 6 വിക്കറ്റുകൾ വീഴ്ത്തിയ ജെഫ്രി വാൻഡർസെയുടെ അത്ഭുത ബൗളിംഗാണ് ശ്രീലങ്കക്ക് വിജയം നേടിക്കൊടുത്തത്.വാൻഡർസെ 10 ഓവറിൽ 33 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റുകൾ വീഴ്ത്തി. നായകൻ അസലങ്ക 3 വിക്കറ്റുകളും വീഴ്ത്തി .ഇന്ത്യക്കായി രോഹിത് ശർമ്മ 64 ഉം അക്‌സർ പട്ടേൽ 44 ഉം റൺസും നേടി.
241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചു കളിച്ച രോഹിത് ശർമ്മ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു. 29 പന്തിൽ രോഹിത് ശർമ്മ അർദ്ധ സെഞ്ച്വറി തികച്ചു. എന്നാൽ 14 ആം ഓവറിൽ സ്കോർ 97 ൽ നിൽക്കെ രോഹിത് ശർമയെ ജെഫ്രി വാൻഡർസെ പുറത്താക്കി. 44 പന്തിൽ നിന്നും 5 ഫോറും 4 സിക്‌സും അടക്കം 64 റൺസാണ് ഇന്ത്യൻ നായകൻ നേടിയത്. സ്കോർ 116 ആയപ്പോൾ 44 പന്തിൽ നിന്നും 35 റൺസ് നേടിയ ഗില്ലിനെയും വാൻഡർസെ പുറത്താക്കി.
ആ ഓവറിലെ അവസാന പന്തിൽ ശിവം ദുബെയെ പൂജ്യത്തിനു വാൻഡർസെ പുറത്താക്കിയതോടെ മൂന്നു വിക്കറ്റിന് 116 റൺസ് എന്ന നിലയിൽ എത്തി.അതികം വൈകാതെ 14 റൺസ് നേടിയ കോലിയെയും വാൻഡർസെ പുറത്താക്കി.തൊട്ടു പിന്നാലെ 7 റൺസ് നേടിയ ശ്രേയസ് അയ്യരെയും വാൻഡർസെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ അഞ്ചു വിക്കറ്റിന് 133 എന്ന നിലയിലായി. സ്കോർ 147 ആയപ്പോൾ രാഹുലിനെ പൂജ്യത്തിനു പുറത്താക്കി വാൻഡർസെ ആറാം വിക്കറ്റ് നേടി. സ്കോർ 185 ആയപ്പോൾ 44 പന്തിൽ നിന്നും 44 റൺസ് അക്‌സറിനെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ 15 റൺസ് നേടിയ വാഷിംഗ്‌ടൺ സുന്ദറിന്റെ വിക്കറ്റും നഷ്ടപ്പെട്ടു.നായകൻ അസലങ്കയാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്. 40 ആം ഓവറിൽ ഇന്ത്യൻ സ്കോർ 200 കടന്നു. പിന്നാലെ സിറാജിനെ അസലങ്ക പുറത്താക്കിയതോടെ ഇന്ത്യ 201 ന് 9 എന്ന നിലയിലായി.
രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ട്ടമായി.മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ഓപ്പണര്‍ പതും നിസ്സങ്ക ഗോള്‍ഡന്‍ ഡക്കായി.സിറാജിന്റെ പന്തില്‍ ബാറ്റ് വെച്ച നിസ്സങ്കയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഫെര്ണാണ്ടോയും കുശാൽ മെൻഡിസും ചേർന്ന് ലങ്കയെ കരകയറ്റി.
17 ആം ഓവറിൽ സ്കോർ 74 ൽ നിൽക്കെ 40 റൺസ് നേടിയ ഫെർണാണ്ടോയെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി. തൊട്ടു പിന്നാലെ 30 റൺസ് നേടിയ മെൻഡിസിനെയും വാഷിംഗ്‌ടൺ പുറത്താക്കി. സ്കോർ 111 ആയപ്പോൾ നാലാം വിക്കറ്റും ശ്രീലങ്കക്ക് നഷ്ടമായി . 14 റൺസ് നേടിയ സമരവിക്രമയെ അക്‌സർ പട്ടേൽ പുറത്താക്കി. സ്കോർ 136 ആയപ്പോൾ 12 റൺസ് നേടിയ ജനിത് ലിയാനഗെയെ കുൽദീപ് പുറത്താക്കി. അടുത്ത ഓവറിൽ 25 റൺസ് നേടിയ നായകൻ അസലങ്കയെ ലങ്കയ്ക്ക് നഷ്ടമായി. വാഷിംഗ്‌ടൺ സുന്ദറിനാണ് വിക്കറ്റ്.
ദുനിത് വെല്ലലഗെ കാമിന്ദു മെൻഡിസ് സഖ്യം ശ്രീലങ്കൻ സ്കോർ 150 കടത്തി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് 50 കടക്കുകയും 46 ആം ഓവറിൽ ശ്രീലങ്കൻ സ്കോർ 200 കടത്തുകയും ചെയ്തു. സ്കോർ 208 ആയപ്പോൾ 39 റൺസ് നേടിയ വെല്ലലഗെയെ കുൽദീപ് പുറത്താക്കി. 40 റൺസ് നേടിയ കമിന്ദു മെന്റിസ് അവസാന ഓവറിൽ റൺ ഔട്ടായി. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 240 റൺസാണ് നേടിയത്.