പാകിസ്ഥാനെതിരെയുള്ള വിജയം ഇന്ത്യൻ സൈന്യത്തിനും ജനങ്ങൾക്കും സമർപ്പിക്കുന്നു…ഇതാണ് വിജയത്തിന് കാരണം : സൂര്യകുമാർ യാദവ് | Suryakumar Yadav

ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ .ഏഴു വിക്കറ്റിന്റെ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 20 ഓവറിൽ 127/9 എന്ന നിലയിൽ ഇന്ത്യ ഒതുക്കി. പാകിസ്താനായി ഫർഹാൻ 40 റൺസും ഷഹീൻ അഫ്രീദി 33* റൺസും നേടി, ജസ്പ്രീത് ബുംറ 2 വിക്കറ്റും അക്സർ പട്ടേൽ 2 വിക്കറ്റും കുൽദീപ് യാദവ് 3 വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 15.5 ഓവറിൽ 131/3 റൺസ് നേടി എളുപ്പത്തിൽ വിജയിച്ചു. അഭിഷേക് ശർമ്മ 31 റൺസും, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 47* ഉം, തിലക് വർമ്മ 31 റൺസും നേടി ടോപ് സ്കോററായി.ഈ മത്സരത്തിൽ വിജയിച്ചതിന്റെ പ്രധാന കാരണം സ്പിന്നർമാരാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ പറഞ്ഞു.ഈ വിജയം അവർക്കും സൈന്യത്തിനും സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു.

‘ചാംപ്യൻസ് ട്രോഫി മുതൽ ഇന്ത്യൻ ജയത്തിൽ സ്പിന്നർമാരുടെ പങ്ക് നിർണായകമാണ്. ഞാൻ സ്പിന്നർമാരുടെ ആരാധകനാണ്. അതുകൊണ്ടു അവരെ ടീമിലെടുക്കാനും ഇഷ്ടമാണ്. എന്റെ ജന്മ ദിനത്തിൽ ഇന്ത്യൻ ആരാധകർക്കു നൽകുന്ന സമ്മാനമാണ് ഈ വിജയം.ജീവിതത്തിലെ ചില കാര്യങ്ങൾ സ്‌പോർട്‌സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണ്. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഞാൻ പറഞ്ഞത് പോലെ ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമർപ്പിക്കുന്നു” സൂര്യകുമാർ പറഞ്ഞു.

“ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ഞങ്ങൾ ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ധൈര്യം കാണിച്ച എല്ലാ സൈനികർക്കും ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. അവർ നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്നത് തുടരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം, ഞങ്ങൾ മൈതാനത്ത് നന്നായി കളിക്കുകയും അവരെ കൂടുതൽ പുഞ്ചിരിപ്പിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.സിക്സടിച്ച് ജയിപ്പിച്ചതിനു പിന്നാലെ ക്രീസിലുണ്ടായിരുന്ന സൂര്യകുമാറും ശിവം ദുബെയും പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം ചെയ്യാൻ പോലും നിൽക്കാതെ ​ഗ്രൗണ്ടിൽ നിന്നു മടങ്ങി. മാത്രമല്ല ഡ​ഗൗട്ടിലുണ്ടായിരുന്ന ഒരു ഇന്ത്യൻ താരവും ഹസ്തദാനത്തിനായി ​ഗ്രൗണ്ടിലേക്ക് വന്നതുമില്ല.

പാക് താരങ്ങൾ കുറച്ചു നേരം മൈതാനത്തു കാത്തു നിന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല. സാധാരണയായി മത്സരശേഷം ജയിച്ച ക്യാപ്റ്റനും തോറ്റ ക്യാപ്റ്റനും മാൻ ഓഫ് ദി മാച്ചും സംസാരിക്കാറുണ്ട്. എന്നാൽ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാറും മാൻ ഓഫ് ദി മാച്ച് കുൽദീപും മാത്രമാണ് സംസാരിച്ചത്. കൈ കൊടുക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ വന്ന് സംസാരിച്ചില്ല.