ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സൂര്യകുമാർ യാദവിന്റെ ഒരു തകർപ്പൻ വെടിക്കെട്ട്. ക്യാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിൽ തുടർച്ചയായി 4 സിക്സറുകൾ പറത്തിയാണ് സൂര്യകുമാർ യാദവ് ഇൻഡോർ സ്റ്റേഡിയത്തിലെ കാണികളെ ഞെട്ടിച്ചത്.
ഓവറിന്റെ മധ്യഭാഗത്ത് സൂര്യകുമാർ യാദവ് യുവരാജ് സിംഗിന്റെ ആറ് സിക്സറുകളുടെ റെക്കോർഡ് തകർക്കുമെന്ന് പോലും തോന്നിയിരുന്നു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 44ആം ഓവറിലാണ് സൂര്യകുമാർ യാദവ് വെടിക്കെട്ട് തീർത്തത്. ഓവറിലെ ആദ്യ പന്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാക്വാർഡ് സ്ക്വയർ ലെഗ്ഗിലേക്ക് ഒരു പിക്കപ്പ് ഷോട്ട് കളിച്ചാണ് സൂര്യ ആരംഭിച്ചത്.
ശേഷം തൊട്ടടുത്ത പന്തിൽ ഒരു തകർപ്പൻ സ്കൂപ്പ് ഷോട്ടിലൂടെ സൂര്യകുമാർ സിക്സർ നേടി. മൂന്നാം പന്തിൽ ഓഫ് സൈഡിലായിരുന്നു സൂര്യകുമാറിന്റെ തകർപ്പൻ സിക്സർ പിറന്നത്. ഒരു സ്ലോ ബോൾ എറിയാൻ ക്യാമറോൺ ഗ്രീൻ ശ്രമിച്ചു. എന്നാൽ അത് നേരത്തെ മനസ്സിലാക്കിയ സൂര്യ സർവ്വശക്തിയുമെടുത്ത് എക്സ്ട്രാ കവറിനു മുകളിലൂടെ ഒരു പടുകൂറ്റൻ സിക്സർ പായിക്കുകയായിരുന്നു. അവിടെയും സൂര്യയുടെ വീര്യം അടങ്ങിയില്ല. നാലാം പന്തിൽ ഒരു തകർപ്പൻ ഫ്ലിക്ക് സിക്സ് കൂടി സ്വന്തമാക്കാൻ സൂര്യകുമാറിന് സാധിച്ചു. മിഡ്വിക്കറ്റിന് മുകളിലൂടെ ആയിരുന്നു സൂര്യയുടെ ഈ പടുകൂറ്റൻ സിക്സർ.
Suryakumar Yadav madness in Indore….!!!
— Mufaddal Vohra (@mufaddal_vohra) September 24, 2023
4 consecutive sixes against Cameron Green. pic.twitter.com/E7sW0p7ttI
ഇങ്ങനെ തുടർച്ചയായി 4 പന്തുകളിൽ സിക്സർ നേടിയാണ് സൂര്യകുമാർ യാദവ് ഇൻഡോർ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചത്. എന്നാൽ അഞ്ചാം പന്തിൽ സിക്സർ നേടാൻ സൂര്യകുമാറിന് സാധിച്ചില്ല. എന്നിരുന്നാലും മത്സരത്തിന്റെ 44ആം ഓവറിൽ 26 റൺസാണ് സൂരികുമാർ യാദവ് ഇന്ത്യക്കായി നേടിയത്. ഇത് മത്സരത്തിൽ ഇന്ത്യയെ വലിയ സ്കോറിലേക്ക് എത്തിക്കാൻ സഹായകരമായി മാറിയിട്ടുണ്ട്.
Suryakumar Yadav has smashed Cameron Green for four consecutive sixes in an over 🔥#SuryakumarYadav #India #INDvsAUS #Cricket #ODIs pic.twitter.com/DIdcyWK5Kq
— Wisden India (@WisdenIndia) September 24, 2023
2022ൽ ട്വന്റി20 ക്രിക്കറ്റിൽ അഴിഞ്ഞാടിയ കളിക്കാരനാണ് സൂര്യകുമാർ യാദവ്. അതേ രീതിയിലുള്ള ആക്രമണമാണ് ഓസ്ട്രേലിയക്കെതിരെയും സൂര്യ പുറത്തെടുക്കുന്നത്. 23 പന്തിൽ നിന്നും അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറിയും അടക്കം സൂര്യകുമാർ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി.