സെപ്തംബർ ആദ്യം ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം റിസർവ് കളിക്കാരുടെ പേര് പറഞ്ഞില്ല. പരിക്ക് ബാധിച്ചില്ലെങ്കിൽ അന്തിമ ടീമായി തുടരുമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു. എന്നാൽ അക്‌സർ പട്ടേലിന്റെ പരിക്ക് അശ്വിന് ലോകകപ്പിലെ 15 അംഗ ടീമിലേക്കുള്ള വഴി തുറന്നു.
ഓസ്‌ട്രേലിയൻ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ അവസരം കിട്ടിയ അശ്വിൻ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.37 വയസ്സുള്ള അശ്വിൻ 18 മാസത്തിനിടെ ആദ്യമായി ഇന്ത്യക്കായി ഏകദിനത്തിൽ കളിക്കുന്നത് ഈ പരമ്പരയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ 47ന് 1, 41ന് 3 എന്നിങ്ങനെ നേടിയ അശ്വിന്റെ പ്രകടനം സെലക്ടർമാരെ വിസ്മയിപ്പിച്ചു.അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഉണ്ടായിരുന്നിട്ടും മൂന്നാം ഏകദിനത്തിന് ശേഷം ഉടൻ തന്നെ ലോകകപ്പ് ടീമിൽ മാറ്റങ്ങളൊന്നും വരുത്തിയില്ല.
അക്‌സറിന്റെ അവസ്ഥയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് ലഭിച്ചതിന് ശേഷമാണ് അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ, ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ പോകുന്നുവെന്ന് ആരെങ്കിലും തന്നോട് പറഞ്ഞാൽ എന്തായിരിക്കും മറുപടിയെന്ന് അശ്വിനോട് ചോദിച്ചു.”നിങ്ങൾ തമാശ പറയുകയാണെന്ന് ഞാൻ പറയുമായിരുന്നു . ജീവിതം മുഴുവൻ ആശ്ചര്യങ്ങളുടേതാണ്, സത്യസന്ധമായി ഞാൻ ഇവിടെ ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നാൽ ടീം മാനേജ്‌മെന്റ് എന്നിൽ വിശ്വാസമർപ്പിക്കുകയും ലോകകപ്പ് ടീമിലെത്താൻ എന്നെ പിന്തുണക്കുകയും ചെയ്തു,” അശ്വിൻ പറഞ്ഞു.
🗣️ R Ashwin decodes THAT Marnus Labuschagne dismissal that has got everyone talking! 👌 👌 – By @28anand #TeamIndia | #INDvAUS | @ashwinravi99 | @IDFCFIRSTBank pic.twitter.com/6j9x4iQlFh
— BCCI (@BCCI) September 25, 2023
സമ്മർദത്തെ നേരിടുക എന്നതാണ് ലോകകപ്പിൽ പരമപ്രധാനമെന്നും അശ്വിൻ പറഞ്ഞു.ഇന്ത്യയ്ക്ക് വേണ്ടിയുള്ള തന്റെ അവസാന ലോകകപ്പ് ആയതിനാൽ കളി ആസ്വദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു.”ഇന്ത്യയ്‌ക്കുള്ള എന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ജീവിതം ആശ്ചര്യങ്ങൾ നിറഞ്ഞതാണ് എന്നതിനാൽ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” അശ്വിൻ പറഞ്ഞു.