ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് വിജയിച്ചു . ന്യൂസിലൻഡിനെതിരെ അടുത്തിടെ സ്വന്തം തട്ടകത്തിഒലെ വലിയ തോൽവിയിൽ നിന്ന് കരകയറാനും ഇന്ത്യക്ക് സാധിച്ചു. സൂപ്പർ താരം വിരാട് കോലി സെഞ്ചുറിയോടെ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. കഴിഞ്ഞ കുറച്ചുകാലമായി ടെസ്റ്റിൽ മോശം പ്രകടനമായിരുന്നു കോലി നടത്തികൊണ്ടിരുന്നത്.
കിവീസിനെതിരെയുള്ള പരമ്പരയിൽ വലിയ വിമര്ശനം കോലിക്ക് നേരെ ഉയർന്നു വരികയും ചെയ്തു.മറുവശത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട് നന്നായി കളിച്ച് 12000 റൺസ് പിന്നിട്ടു. അത് കൊണ്ട് തന്നെ മൈക്കൽ വോൺ ഉൾപ്പെടെയുള്ള പല മുൻ താരങ്ങളും ജോ റൂട്ടിനെ വിരാട് കോഹ്ലിയെക്കാൾ മികച്ച കളിക്കാരനാണെന്നും സച്ചിൻ്റെ റെക്കോർഡ് അദ്ദേഹം തകർക്കുമെന്നും അവകാശപ്പെട്ട് രംഗത്ത് വന്നു. ഈ സമയത്താണ് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ വിരാട് കോലി സെഞ്ച്വറി നേടിയത്.
ഓസ്ട്രേലിയയിൽ ആകെ 7 സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. അതിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവുമധികം സെഞ്ചുറി നേടുകയും പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത ഏഷ്യൻ താരമെന്ന സച്ചിൻ്റെ റെക്കോർഡ് വിരാട് കോഹ്ലി തകർത്തു. എന്നാൽ ജോ റൂട്ടിന് ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടാനായിട്ടില്ല.അതുകൊണ്ട് തന്നെ വിരാട് കോഹ്ലി റൂട്ടിനാക്കേൾ മികച്ചവനാണെന്ന് മുൻ ഓസ്ട്രേലിയൻ താരം ഡാരൻ ലേമാൻ പറഞ്ഞു.
“ജോ റൂട്ട് മികച്ച കളിക്കാരനാണ്. എന്നാൽ അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരനാണോ? ഇവിടെ 3-4 പാരമ്പരകൾ കളിച്ചതിന് ശേഷം സെഞ്ച്വറി നേടിയില്ല. വിരാട് കോഹ്ലി-സ്മിത്ത് എന്നിവരെപ്പോലുള്ളവർ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടീമുകൾക്കെതിരെ എല്ലാ സാഹചര്യങ്ങളിലും റൺസ് നേടിയിട്ടുണ്ട്.അതാണ് ജോ റൂട്ടിനെ അവരുമായി താരതമ്യപ്പെടുത്തുന്നതിൽ നിന്ന് തടയുന്നത്. അവൻ മികച്ച കളിക്കാരനാണ്. പക്ഷേ, അവരോടൊപ്പമാകാൻ കഴിയുന്ന ഒരാളല്ല. അതുകൊണ്ട് ഞാൻ അവരോട് ചേർക്കില്ല. ലോകമെമ്പാടും നിങ്ങൾ സെഞ്ച്വറി നേടണം. സ്മിത്ത് അത് ചെയ്തു. വില്യംസൺ ചെയ്തു. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും അത് ചെയ്തിട്ടുണ്ട്. അവർ ലോകോത്തര കളിക്കാരാണ് ”ലേമാൻ പറഞ്ഞു.
വിരാട് കോഹ്ലി ഓസ്ട്രേലിയയിൽ 55ന് മുകളിൽ ശരാശരിയിൽ ഏഴ് സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയൻ മണ്ണിൽ 14 മത്സരങ്ങളിൽ നിന്ന് 39.68 മാത്രമാണ് ജോ റൂട്ടിൻ്റെ ശരാശരി. അവിടെ ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 89 ആണ്.