‘3 ദിവസം കിടപ്പിലായിരുന്നു, വേദനസംഹാരികൾ കഴിച്ചാണ് ഡൽഹിക്കെതിരെ കളിച്ചത്’ : റിയാൻ പരാഗ് | IPL 2024 | Riyan Parag

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഡൽഹിയെ 12 റൺസിന് പരാജയപ്പെടുത്തിയപ്പോൾ റിയാൻ പരാഗാണ് രാജസ്ഥാൻ റോയൽസിന്റെ താരമായത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന് വേണ്ടി പുറത്താകാതെ 84 റണ്‍സാണ് പരാഗ് നേടിയത്. 45 പന്തില്‍ ആറ് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു 22കാരന്‍റെ ഇന്നിങ്‌സ്.

തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ട പരാഗ്, മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ സംസാരിക്കുമ്പോൾ, കളിക്കുന്നതിന് മുമ്പ് തനിക്ക് അസുഖമായിരുന്നെന്നും ഡൽഹിക്കെതിരെ കളിക്കാൻ വേദനസംഹാരികൾ കഴിക്കേണ്ടി വന്നെന്നും വെളിപ്പെടുത്തി.

‘ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞ മൂന്ന് ദിവസമായി എനിക്ക് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവന്നു.3 ദിവസം കിടപ്പിലായിരുന്നു, വേദനസംഹാരികൾ അസുഖത്തെ തുടര്‍ന്ന് എഴുന്നേല്‍ക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടായി. വേദനസംഹാരികള്‍ ഉപയോഗിച്ച ശേഷമാണ് എഴുന്നേറ്റെങ്കിലും നില്‍ക്കാൻ എനിക്ക് സാധിച്ചത്. എന്നാല്‍, ഇവിടെ കാര്യങ്ങള്‍ നല്ലതുപോലെ കൈകാര്യം ചെയ്യാൻ സാധിച്ചതില്‍ ഞാൻ സന്തോഷവാനാണ്’ പരാഗ് പറഞ്ഞു.

“എന്നെക്കുറിച്ച് എൻ്റെ അഭിപ്രായം എന്താണെന്ന് എനിക്കറിയാം, ആരു എന്തു പറഞ്ഞാലും ഞാൻ അത് മാറ്റാൻ അനുവദിക്കില്ല.അതൊരിക്കലും മാറിയിട്ടില്ല. ഞാൻ പ്രകടനം നടത്തുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, ഇന്ന് എനിക്ക് ഒരു പൂജ്യം ലഭിച്ചാലും ആ അഭിപ്രായം ഒരിക്കലും മാറാൻ പോകുന്നില്ല. ഞാൻ അനുഭവിച്ച സീസണുമായി ഇതിന് വളരെയധികം ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നു. ആഭ്യന്തര സീസണിൽ റൺസ് നേടുന്നതിൽ നിന്ന് നിങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം ലഭിക്കുമെന്ന് ഞാൻ കരുതുന്നു, ”പരാഗ് കൂട്ടിച്ചേർത്തു.