രണ്ടാം ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി വെങ്കിടേഷ് പ്രസാദ്

ടെസ്റ്റ് മത്സരങ്ങൾ കൂടാതെ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവാരം കുറഞ്ഞ പ്രകടനത്തെ മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് കടുത്ത ഭാഷയിൽ വിമർശിച്ചു.വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു.നായകൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകാനുള്ള തീരുമാനം മോശമായി തിരിച്ചടിച്ചു.

വെസ്റ്റ് ഇൻഡീസ് ടീം ഫോമിലല്ലെങ്കിലും ഇന്ത്യയെ ആറു വിക്കറ്റിന് തോൽപ്പിക്കാൻ അവർക്ക് സാധിച്ചു. ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യയുടെ പ്രകടനം വലിയ നിരാശ നൽകുന്നതാണ്.ഇന്ത്യൻ ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച വെങ്കിടേഷ് പ്രസാദ് ടീമിനെതിരെ രൂക്ഷ വിമര്ശനം നടത്തി.

“ടെസ്റ്റ് ക്രിക്കറ്റ് മാറ്റിനിർത്തിയാൽ കുറച്ചുകാലമായി മറ്റ് രണ്ട് ഫോർമാറ്റുകളിലും ഇന്ത്യ വളരെ സാധാരണമാണ്.സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയ എന്നിവയ്‌ക്കെതിരായ ഏകദിന പരമ്പരകൾ നഷ്ടപ്പെട്ടു.കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും പ്രകടനം മോശമായിരുന്നു.ഇംഗ്ലണ്ടിനെ പോലെ ആകാംക്ഷ ജനിപ്പിക്കുന്നതോ ഓസീസിനെ പോലെ അപകടകാരികളോ ആയ ടീമല്ല നമ്മള്‍” പ്രസാദ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മനോഭാവത്തെയും സമീപനത്തെയും പ്രസാദ് വിമർശിച്ചു.”പണവും അധികാരവും ഉണ്ടായിരുന്നിട്ടും നമ്മള്‍ ചാമ്പ്യന്‍ ടീമില്‍ നിന്ന് ഏറെ അകലെയാണ്. എല്ലാ ടീമുകളും കളിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ സമീപനവും മനോഭാവവും കുറച്ച് കാലമായി ഈ മോശം പ്രകടനത്തിന് കാരണമാണ്”അദ്ദേഹം തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

5/5 - (1 vote)