മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം.ഓപ്പണർമാരായ കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും മിന്നുന്ന സെഞ്ച്വറികളുടെ പിൻബലത്തിൽ കൂറ്റൻ സ്കോർ കേരളം പടുത്തുയർത്തി.384 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന മഹാരാഷ്ട 230 റൺസിന് എല്ലാവരും പുറത്തായി.
കൗശൽ എസ് താംബെയും ഓം ഭോസാലെയും തമ്മിൽ 139 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയെങ്കിലും പിന്നീട് വന്ന ആർക്കും പിടിച്ചു നിൽക്കാനായില്ല.താംബെ 50 റൺസെടുത്ത് റണ്ണൗട്ടായി,ശ്രേയസ് ഗോപാലിന്റെ ബൗളിംഗിൽ ഭോസാലെ (78) വീണു.ബേസിൽ തമ്പി 11 റൺസെടുത്ത ക്യാപ്റ്റൻ കേദാർ ജാദവിന്റെ വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ 20.1 ഓവറില്‍ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറില്‍ 198-6 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ മഹാരാഷ്ട്ര 37.4 ഓവറിൽ 230 റൺസിന് പുറത്തായി. കേരളത്തിന് വേണ്ടി ശ്രേയസ് ഗോപാൽ നാലും,വൈശാഖ് ചന്ദ്രൻ മൂന്നും വിക്കറ്റ് വീഴ്ത്തി.തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കേരളം രാജസ്ഥാനെ നേരിടും.
ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി കൃഷ്ണ പ്രസാദും രോഹനും ചേർന്ന് 34.1 ഓവറിൽ 218 റൺസ് കൂട്ടിച്ചേർത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ നാലാം സെഞ്ച്വറി നേടിയ രോഹൻ 95 പന്തിൽ 18 ഫോറും സിക്‌സും സഹിതം 120 റൺസെടുത്തു.114 പന്തിൽ നിന്നാണ് കൃഷൻ പ്രസാദ് തന്റെ കന്നി സെഞ്ച്വറി നേടിയത്. 137 പന്തിൽ 13 ഫോറും നാല് സിക്‌സും സഹിതം 25കാരൻ 144 റൺസെടുത്തു.
A fantastic 💯 from Rohan Kunnummal 💪💪
— BCCI Domestic (@BCCIdomestic) December 9, 2023
He brings it up off just 83 balls 👌👌
Follow the Match ▶️ https://t.co/DvJjXIS3rw#KERvMAH | #VijayHazareTrophy | @IDFCFIRSTBank pic.twitter.com/FVgFaKtmmZ
25 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായി. വിഷ്ണു വിനോദും (23 പന്തിൽ 43) അബ്ദുൾ ബാസിത്തും (18 പന്തിൽ പുറത്താകാതെ 35) അവസാന ഓവറുകളിൽ റൺ റേറ്റ് ഉയർത്തി കേരളത്തെ കൂറ്റൻ സ്‌കോറിലെത്തിച്ചു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 30 പന്തിൽ 64 റൺസ് കൂട്ടിച്ചേർത്തു.
കേരളം 50 ഓവറിൽ 383/4 (കൃഷ്ണപ്രസാദ് 144, രോഹൻ കുന്നുമ്മൽ 120) മഹാരാഷ്ട്ര 37.4 ഓവറിൽ 230 (ഓം ഭോസാലെ 78, കൗശൽ താംബെ 50; ശ്രേയസ് ഗോപാൽ 4/35, വൈശാഖ് ചന്ദ്രൻ 3/39).