സൗത്ത് ആഫ്രിക്കയെ ഫൈനലിലെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം 2024 ലെ ടി20 ലോകകപ്പ് ഉയർത്തി. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്‌ലിയെ ‘പ്ലയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ മുൻ താരം സഞ്ജയ് മഞ്ജരേക്കർ കോലിക്ക് അവാർഡ് നൽകിയതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്.59 പന്തിൽ 76 റൺസ് നേടിയ കോഹ്‌ലിയുടെ ഇന്നിംഗ്‌സ് ഇന്ത്യയെ പ്രതിസന്ധിയിൽ എത്തിക്കുമായിരുന്നുവെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പറഞ്ഞു.
അവാർഡിന് താൻ തിരഞ്ഞെടുത്തത് ഒരു ഇന്ത്യൻ ബൗളറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഹ്‌ലിയുടെ ഇന്നിംഗ്‌സ് കാരണം ഹാർദിക് പാണ്ഡ്യയ്ക്ക് കളിക്കാൻ രണ്ട് പന്തുകൾ മാത്രമേ ലഭിച്ചുള്ളൂവെന്ന് മഞ്ജരേക്കർ പറഞ്ഞു. “ഇന്ത്യയെ കൂടുതൽ കടുത്ത പ്രതിസന്ധിയിൽ എത്തിക്കുന്ന ഇന്നിംഗ്സാണ് മത്സരത്തിൽ വിരാട് കോഹ്ലി കളിച്ചത്. അവസാന നിമിഷം ബോളർമാർ മികവ് പുലർത്തിയത് കൊണ്ടാണ് ഇന്ത്യ മത്സരത്തിൽ വിജയത്തിലെത്തിയത്” മഞ്ജരേക്കർ പറഞ്ഞു.
128 സ്ട്രൈക്ക് റേറ്റിൽ കോഹ്‌ലി തൻ്റെ ഇന്നിംഗ്‌സിൻ്റെ പകുതിയും കളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “എൻ്റെ പ്ലെയർ ഓഫ് ദി മാച്ച് ഒരു ബൗളർ ആകുമായിരുന്നു, കാരണം യഥാർത്ഥത്തിൽ തോൽവിയുടെ വക്കിൽ നിന്നും ഇന്ത്യയെ വിജയത്തിലെത്തിച്ചത് അവരായിരുന്നു”” മഞ്ജരേക്കർ പറഞ്ഞു.മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം ആൻഡി ഫ്‌ളവറിൻ്റെ കാഴ്ചപ്പാട് അല്പം വ്യത്യസ്തമായിരുന്നു. ബോർഡിൽ ആകെ 176 റൺസ് ഇട്ടുകൊണ്ട് ഇന്ത്യ ബാറ്റ് ഉപയോഗിച്ച് വേണ്ടത്ര പ്രകടനം നടത്തിയതായി അദ്ദേഹം പറഞ്ഞു. പക്ഷേ തോറ്റിരുന്നെങ്കിൽ കോഹ്‌ലിക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം സമ്മതിച്ചു.
ബാർബഡോസിൽ നടന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായി. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി ട്രോഫിയും 2007ന് ശേഷമുള്ള ആദ്യ ടി20 ഡബ്ല്യുസി വിജയവുമാണ് ഇത്. മത്സരത്തിന് ശേഷം കോഹ്‌ലി മികച്ച കളിക്കാരനുള്ള പുരസ്‌കാരവും ജസ്പ്രീത് ബുംറയ്ക്ക് ‘പ്ലയർ ഓഫ് ദ ടൂർണമെൻ്റ്’ പുരസ്‌കാരവും ലഭിച്ചു.