അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 വിരാട് കോലിക്ക് നഷ്ടമാവും , കാരണം തുറന്നുപറഞ്ഞ് രാഹുൽ ദ്രാവിഡ് |Virat Kohli

വിരാട് കോലിയും രോഹിത് ശര്‍മയും ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായി വീണ്ടും ടി20 കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 14 മാസത്തെ ഇടവേളയ്‌ക്ക് ശേഷം അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെയാണ് ഇരുവരും ടീമിലേക്ക് മടങ്ങിവരുന്നത്. 2022ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ സെമിയിൽ തോറ്റതിന് ശേഷം ഇന്ത്യയുടെ സീനിയർ ജോഡികൾ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല.

ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ, അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ടീം സെലക്ഷൻ വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. എന്നാൽ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലി ടി20 യിൽ കളിക്കില്ല.ജനുവരി 11 മുതൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ്.

വിരാട് ഒഴികെയുള്ള താരങ്ങൾ ഉദ്ഘാടന മത്സരത്തിനായി മൊഹാലിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിരാട് കോലി കളിക്കില്ല എന്ന്‌ വ്യക്തമാക്കിയത്. എന്നാൽ 35 കാരനായ താരം 2, 3 മത്സരങ്ങളിൽ ലഭ്യമാകും.14-ന് ഇന്‍ഡോറിലും 17-ന് ചെന്നൈയിലുമാണ് രണ്ടും മൂന്നും ടി20കള്‍ നടക്കുക ആദ്യ മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പൺ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ വിരാട് പുറത്തായതോടെ യുവ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യൻ നായകൻ സ്ട്രൈക്ക് എടുക്കുമെന്ന് ദ്രാവിഡ് സ്ഥിരീകരിച്ചു.

അഫ്‌ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ