വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ചേർന്ന് ബാറ്റിംഗ് ഓപ്പൺ ചെയ്യാനുള്ള ആശയത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആർപി സിംഗ്. ഐപിഎൽ 2024 ലെ ഓറഞ്ച് ക്യാപ്പ് നേടിയ കോലി മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. റിഷഭ് പന്തിനെയും സഞ്ജു സാംസണെയും പ്ലേയിംഗ് ഇലവനിൽ ഒരുമിച്ച് കളിപ്പിക്കണമെന്നും 007 ലെ ടി20 ലോകകപ്പ് ജേതാവ് പറഞ്ഞു.
ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക്, പ്രത്യേകിച്ച് അവരുടെ ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൽ ധാരാളം പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നു. ശുഭ്മാൻ ഗിൽ, റിങ്കു സിംഗ് എന്നിവരെപ്പോലുള്ളവർ ട്രാവലിംഗ് റിസർവുകളിൽ ഉള്ളപ്പോൾ, യശസ്വി ജയ്‌സ്വാൾ ഇതിഹാസ താരം വിരാട് കോഹ്‌ലിയ്‌ക്കൊപ്പം ഓർഡറിൻ്റെ മുകളിൽ ഒരു സ്ഥാനത്തിനായി പോരാടിയേക്കാം.
“നിങ്ങൾ എന്നോട് ചോദിച്ചാൽ, വിരാട് കോഹ്‌ലി രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പൺ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സഞ്ജു സാംസൺ 3-ാം നമ്പറിൽ ബാറ്റ് ചെയ്യണം.സൂര്യകുമാർ യാദവിനെ 4-ലും ഋഷഭ് പന്തിനെ അഞ്ചാം നമ്പറിലും ഹാർദിക് പാണ്ഡ്യയെ ആറിലും കളിപ്പിക്കാം.ഇത് ടീം കോമ്പിനേഷനെയും ആശ്രയിച്ചിരിക്കുന്നു. ക്യാപ്റ്റനും കോച്ചും തീരുമാനം എടുക്കണം. ഇന്ത്യക്ക് അത്തരമൊരു ലൈനപ്പ് ആവശ്യമാണ്, ”ആർപി സിംഗ് പറഞ്ഞു.വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഒരു തവണ മാത്രമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്.2021 ൽ അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ 94 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തു.
ആ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 224 റൺസ് എടുത്ത് 36 റൺസിന് വിജയിച്ചു. 9 ടി20 മത്സരങ്ങളിൽ കോലി ഇന്ത്യക്കായി ഓപ്പൺ ചെയ്തിട്ടുണ്ട്. 2022 ൽ ദുബായിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഓപ്പണറായി അദ്ദേഹം തൻ്റെ ഏക ടി20 സെഞ്ച്വറി നേടി.ഐപിഎൽ 2024 സീസണിന് മുമ്പ് യശസ്വി ജയ്‌സ്‌വാൾ ഇന്ത്യയ്‌ക്കായി ഓപ്പൺ ചെയ്‌തിരുന്നു, എന്നാൽ കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലെ ഓപ്പണറായി വിരാട് കോഹ്‌ലിയുടെ ഫോം ഇന്ത്യക്ക് മുകളിൽ പരീക്ഷണം നടത്താൻ അവസരം നൽകുന്നു.