2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് മുൻപിലുള്ളത് ഓസ്ട്രേലിയക്കെതിരായ 5 ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ്. ഈ പരമ്പരയിൽ ഇന്ത്യ സീനിയർ താരങ്ങൾക്കൊക്കെയും വിശ്രമം അനുവദിക്കാനാണ് സാധ്യത. മാത്രമല്ല ഈ ട്വന്റി20 പരമ്പരയിൽ ചില സർപ്രൈസ് പരീക്ഷണങ്ങൾ നടത്താൻ തയ്യാറാവുകയാണ് ഇന്ത്യ ഇപ്പോൾ.
നിലവിൽ നടക്കുന്ന സൈദ് മുഷ്തഖ് അലി ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാറ്റർമാർക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകാൻ ഒരുങ്ങുകയാണ് ടീം മാനേജ്മെന്റ്. ഇതിൽ പ്രധാനപ്പെട്ട പേര് കേരള താരം വിഷ്ണു വിനോദിന്റെതാണ്. ഇത്തവണത്തെ സൈദ് മുഷ്തഖ് അലീ ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയാണ് വിഷ്ണു വിനോദ് കാഴ്ച വെച്ചിരിക്കുന്നത്.
നിലവിൽ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് വിഷ്ണു വിനോദ് നിൽക്കുന്നത്. ഇന്ത്യയുടെ മറ്റ് യുവതാരങ്ങളായ തിലക് വർമ, ജയസ്വാൾ, സഞ്ജു സാംസൺ, ശിവം തുടങ്ങിയവരെയൊക്കെയും പിന്തള്ളിയാണ് വിഷ്ണു വിനോദ് മൂന്നാം സ്ഥാനത്ത് എത്തിയത്. കേരളത്തിനായി ഇതുവരെ 6 മത്സരങ്ങളാണ് വിഷ്ണു വിനോദ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 341 റൺസ് കൂട്ടിച്ചേർക്കാൻ വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. 166 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിൽ ആണ് വിഷ്ണുവിന്റെ ഈ നേട്ടം. ഒരു സെഞ്ചുറിയും ഒരു അർത്ഥ സെഞ്ച്വറിയുമാണ് വിഷ്ണു കേരളത്തിനായി നേടിയിട്ടുള്ളത്. റിയാൻ പരഗും അഭിഷേക് ശർമയും മാത്രമാണ് റൺവേട്ടക്കാരിൽ ഇപ്പോൾ വിഷ്ണുവിന് മുൻപിലുള്ളത്.
ഈ സാഹചര്യത്തിൽ വിഷ്ണു വിനോദിനെയും ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തും എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്. മുൻപ് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ്, സൺറൈസഴ്സ് എന്നീ ടീമുകൾക്കായി കളിച്ച പാരമ്പര്യം വിഷ്ണു വിനോദിനുണ്ട്. മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ വലിയ രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാനും വിഷ്ണുവിന് സാധിച്ചിരുന്നു. ടൂർണമെന്റിൽ വലിയ പ്രതീക്ഷയോടെ തന്നെയാണ് വിഷ്ണു വിനോദിനെ കേരളം നോക്കി കാണുന്നത്.