4 വിക്കറ്റുകൾ.. ലോർഡ്‌സിൽ ഹർഭജനും അശ്വിനും ചെയ്യാൻ കഴിയാത്തത് വാഷിംഗ്ടൺ സുന്ദർ ചെയ്തു.. അവിശ്വസനീയമായ 2 നേട്ടങ്ങൾ | Washington Sundar

ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ് . 193 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ, നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 17.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയിലാണ്.ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി രണ്ടാം ടെസ്റ്റും ജയിക്കണമെങ്കില്‍ 135 റണ്‍സ് കൂടി വേണം.

ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (6), ജയ്‌സ്വാൾ (0), കരുൺ നായർ (14 ), നൈറ്റ് വാച്ച് മാനായി എത്തിയ ആകാശ് ദീപ് (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 47 പന്തില്‍ ആറു ഫോറുകളോടെ 33 റണ്‍സുമായി ഓപ്പണര്‍ കെ എല്‍ രാഹുല്‍ ക്രീസിലുണ്ട്.ഇന്ത്യയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 192 റൺസിൽ പുറത്തായിരുന്നു . 4 വിക്കറ്റുകള്‍ വീഴ്ത്തി ഇത്തവണ വാഷിങ്ടന്‍ സുന്ദറാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പൊരുതി നിന്ന ജോ റൂട്ട്, അപകടകാരിയായ ജാമി സ്മിത്ത്, പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ വാഷിങ്ടന്‍ സ്വന്തമാക്കി.

നാല് പേരേയും താരം ക്ലീന്‍ ബൗള്‍ഡാക്കി.ലോർഡ്‌സിൽ രവിചന്ദ്രൻ അശ്വിനും ഹർഭജൻ സിങ്ങും പോലും അവരുടെ കരിയറിൽ രണ്ട് വിക്കറ്റിൽ കൂടുതൽ നേടിയിട്ടില്ല. എന്നാൽ സുന്ദർ അവിടെ വെറും 22 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ, 1974 മുതൽ കഴിഞ്ഞ 49 വർഷത്തിനിടെ ലോർഡ്‌സിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമുള്ള ഇന്ത്യൻ സ്പിന്നർ എന്ന റെക്കോർഡ് സുന്ദർ സൃഷ്ടിച്ചു. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്ത്യൻ സ്പിന്നറുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ മനീന്ദർ സിംഗിന്റെ റെക്കോർഡും സുന്ദർ തകർത്തു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒരു ഘട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കടക്കുകയായിരുന്ന ഇന്ത്യയെ അവസാന സെഷനില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പിടിച്ചുനിര്‍ത്തിയത്. . കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയും (100) ഋഷഭ് പന്തിന്റേയും (74) രവീന്ദ്ര ജഡേജയുടേയും (72) അര്‍ധ സെഞ്ചുറികളുമാണ് ഇന്ത്യക്ക് കരുത്തായത്.