യുസ്‌വേന്ദ്ര ചാഹലിന് ബൗളിംഗ് കൊടുക്കാത്ത ഹാർദ്ദികിന്റെ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് വസീം ജാഫർ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.40 പന്തിൽ നിന്ന് 67 റൺസ് നേടിയ നിക്കോളാസ് പൂരനായിരുന്നു വിൻഡീസിന്റെ വിജയ ശില്പി.

എന്നാൽ വിജയത്തിലേക്ക് നീങ്ങിയിരുന്നു ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത് ക്യാപ്റ്റൻ ഹർദിക് പാണ്ട്യയുടെ മണ്ടൻ തീരുമാനമാണ്.പതിനാറാം ഓവറില്‍ അപകടകാരികളായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22), ജേസണ്‍ ഹോള്‍ഡര്‍ (0) എന്നിവരെ പുറത്താക്കി ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതേ ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡ് റണ്ണൗട്ടാവുകയും ചെയ്തു. അപ്പോള്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമായിരുന്നു ചാഹല്‍ വഴങ്ങിയിരുന്നത്. പിന്നീട് ചാഹലിനെ പന്തെറിയാന്‍ വിളിച്ചതുമില്ല. പതിനെട്ടാം ഓവര്‍ എറിയാന്‍ ചാഹല്‍ എത്തുമെന്ന് കരുതി.

എന്നാല്‍ അര്‍ഷ്ദീപ് സിംഗാണ് പന്തെറിഞ്ഞത്.126/4 എന്ന സ്ഥിതിയിൽ നിന്നും വിൻഡീസ് 129/8 എന്ന നിലയിലെത്തിയ സമയത്തായിരുന്നു.ഈ സമയത്ത് ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു. പക്ഷേ ഒമ്പതാം വിക്കറ്റിൽ അൾസരി ജോസഫും(10) അഖിൽ ഹുസൈനും(16) ക്രീസിൽ ഉറച്ചതോടെ വിൻഡിസ് വിജയം നേടുകയായിരുന്നു. ക്യാപ്റ്റൻ ചാഹലിന് അവസാന ഓവർ നൽകാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ.

“വളരെ ആശ്ചര്യപ്പെടുത്തുന്നു, പ്രത്യേകിച്ച് ചഹൽ തന്റെ നാലാമത്തെ ഓവർ എറിയുന്നില്ല, അക്സർ ഒരു ഓവർ പോലും എറിയുന്നില്ല.കാരണം ഹാർദിക് ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ അടുത്ത നായകനാണെന്ന് എല്ലാവരും കരുതുന്നു, യുസ്‌വേന്ദ്ര ചാഹലിൽ ക്യാപ്റ്റൻ വിശ്വാസം പ്രകടിപ്പിക്കാത്തത് ആശ്ചര്യമാണ്. ചാഹൽ 19-ാം ഓവർ എറിയണമായിരുന്നു” ജാഫർ പറഞ്ഞു.

ബാറ്റിംഗിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടോപ്പ് ഓർഡറിൽ ഇഷാൻ കിഷനും തിലക് വർമ്മയും മാത്രമാണ് ഇരട്ട അക്കത്തിൽ സ്‌കോർ നേടിയത്, 41 പന്തിൽ 51 റൺസെടുത്ത വർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇന്നിംഗ്‌സിലൂടെ നങ്കൂരമിടാൻ ഇന്ത്യയ്ക്ക് ഒരു കളിക്കാരനെ ആവശ്യമാണെന്നും മറ്റുള്ളവരെ അവർക്ക് ചുറ്റും കളിക്കാൻ അനുവദിക്കുമെന്നും ജാഫർ പറഞ്ഞു.”ടോപ്പ് ഓർഡറിലെ ഒരാൾക്ക് 60-70 നേടണം, മറ്റുള്ളവർ അവനു ചുറ്റും ബാറ്റ് ചെയ്യണം. ഈ പിച്ചുകളിൽ പിടിച്ചു നിൽക്കാനുള്ള എളുപ്പവഴി അതാണ്,” ജാഫർ ESPNCricinfo-യിൽ പറഞ്ഞു.

Rate this post