ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ വെടിക്കെട്ടിന് തിരികൊളുത്തി അരങ്ങേറ്റക്കാരൻ തിലക് വർമ്മ. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് തിലക് വർമ്മ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റ മത്സരത്തിൽ ഒരു തകർപ്പൻ ക്യാച്ചും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമാണ് ഈ സൂപ്പർ താരം നടത്തിയിരിക്കുന്നത്.
150 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി നാലാമനായി ആയിരുന്നു തിലക് വർമ്മ ക്രീസിലെത്തിയത്. സമ്മർദ്ദസമയത്ത് ക്രീസിലെത്തിയിട്ടും ഒരു അരങ്ങേറ്റക്കാരന്റെ ഭയമില്ലാതെയാണ് തിലക് വർമ്മ തുടങ്ങിയത്.നേരിട്ട രണ്ടാം പന്തിൽ തന്നെ അൾസാരി ജോസഫിനെ തിലക് വർമ്മ ഒരു തകർപ്പൻ സിക്സറിന് പായിച്ചു. ശേഷം മൂന്നാം പന്തിലും ഇത് ആവർത്തിച്ചതോടെയാണ് വിൻഡീസിന് കാര്യങ്ങൾ ബോധ്യമായത്. അതിനുശേഷവും തിലക് വർമ്മ വിൻഡിസ് ബോളർമാരെ കയറി ആ ക്രമിക്കുകയായിരുന്നു.
മത്സരത്തിൽ 22 പന്തുകളിൽ 39 റൺസാണ് തിലക് വർമ്മ നേടിയത്. ഇന്നിംഗ്സിൽ രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. 177 സ്ട്രൈക്ക് റേറ്റിലാണ് തിലക് വർമ്മ കളിച്ചത്.എട്ടാം ഓവറിൽ റൊമാരിയോ ഷെപ്പേർഡിനെ വർമ്മ ഒരു സിക്സറും ഫോറും പറത്തി. പതിനൊന്നാം ഓവറിലെ അവസാന പന്തിൽ ഷെപ്പേർഡ് തന്നെ വർമ്മയുടെ വിക്കറ്റ് വീഴ്ത്തി.പുൾ ഷോട്ടിന് ശ്രമിച്ച വർമ്മയെ ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗിൽ ഷിമ്റോൺ ഹെറ്റ്മെയർ പിടിച്ചു പുറത്താക്കി.ഇന്ത്യൻ പ്രീമിയർ ലീഗ് നിരവധി യുവ ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു, തിലക് വർമ്മയും ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യൻ ടീമിലെത്തിയത്.മുംബൈ ഇന്ത്യൻസുമായുള്ള അദ്ദേഹത്തിന്റെ യാത്ര തിളക്കമാർന്ന ഒന്നായിരുന്നു.
ഐപിഎൽ 2023 ലെ അദ്ദേഹത്തിന്റെ പ്രകടനം കഴിവിന്റെ സാക്ഷ്യപത്രമായിരുന്നു. ഐപിഎൽ 2023ൽ മുംബൈ ഇന്ത്യൻസിന്റെ നിർണായക കളിക്കാരനായി തിലക് വർമ്മ ഉയർന്നു. മികച്ച ബാറ്റിംഗ് സാങ്കേതികതയ്ക്ക് പേരുകേട്ട വർമ്മ ഇന്നിംഗ്സ് നങ്കൂരമിടുന്നതിലും ആവശ്യമുള്ളപ്പോൾ റൺ റേറ്റ് ഉയർത്തുന്നതിലും സമർത്ഥനായിരുന്നു. സീസണിൽ ഉടനീളം അദ്ദേഹം തന്റെ പ്രകടനവുമായി സ്ഥിരത പുലർത്തുകയും ടീമിന്റെ വിജയത്തിൽ വിപുലമായ സംഭാവന നൽകുകയും ചെയ്തു.പരമ്പരയിലുടനീളം വർമ്മ സ്ഥിരതയോടെ സ്കോർ ചെയ്തു, പലപ്പോഴും നിർണായകമായ ഉയർന്ന സമ്മർദമുള്ള ഗെയിമുകളിൽ ടോപ്പ് സ്കോററായി. മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് നിരയ്ക്ക് അദ്ദേഹം നട്ടെല്ലാമായി മാറുകയും ചെയ്തു.