മികച്ച ഫോമിലാണെങ്കിലും ചില താരങ്ങൾ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. ഒന്നോ രണ്ടോ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽപ്പോലും അവർ ടീമിൽ നിന്ന് പുറത്താകും. ഇപ്പോൾ ഇന്ത്യൻ ടീമിലെ താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കടുത്ത മത്സരമാണ് നടക്കുന്നത്.ടെസ്റ്റ്, ഏകദിനം, 20 ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് വ്യക്തിഗത കളിക്കാരെ തിരഞ്ഞെടുക്കുന്നു. വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിർന്ന താരങ്ങൾ യുവ പ്രതിഭകൾക്ക് അവസരം നൽകുന്നതിനായി 20 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിച്ചു.
അജിത് അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറും, ഗൗതം ഗംഭീർ ഹെഡ് കോച്ചും ആയി എത്തിയതിന് പിന്നാലെ ഇരുവരും ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി. ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം ലഭിക്കണമെങ്കിൽ, കളിക്കാർ ആഭ്യന്തര മത്സരങ്ങളിൽ സജീവമാകേണ്ടത് നിർബന്ധമാണ്. സീനിയർ – ജൂനിയർ എന്ന് വ്യത്യാസമില്ലാതെ എല്ലാ ദേശീയ ക്രിക്കറ്റ് താരങ്ങളും വ്യത്യസ്ത ഫോർമാറ്റുകളിൽ ഉള്ള ആഭ്യന്തര മത്സരങ്ങൾ കളിക്കേണ്ടത് നിർബന്ധമാണ് എന്ന് ഗംഭീറും അഗാർക്കറും ഒരേ സ്വരത്തിൽ പറഞ്ഞെങ്കിലും, അതോടൊപ്പം കളിക്കാരുടെ ശാരീരിക ക്ഷമതക്കും വിശ്രമത്തിനും മാനേജ്മെന്റ് പ്രാധാന്യം നൽകും എന്നും അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ഏറെ നാളായി ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, യുവ താരങ്ങളായ ഇഷാൻ കിഷൻ, ഋഷഭ് പന്ത് തുടങ്ങി നിരവധി താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കാൻ തങ്ങൾ ലഭ്യമാണ് എന്ന് ബിസിസിഐയെ അറിയിച്ചു. ഇതിന് പിന്നാലെ ദുലീപ് ട്രോഫിക്കുള്ള നാല് ടീമുകളെ പ്രഖ്യാപിക്കുകയും, പരമാവധി താരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. രോഹിത്, കോഹ്ലി എന്നിവർ കളിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, അവർക്ക് വിശ്രമം നൽകാൻ ബിസിസിഐ തീരുമാനിച്ചു. അതേസമയം സന്നദ്ധത അറിയിച്ചിട്ടും, നിലവിൽ ലഭ്യമായിരുന്നിട്ടും സഞ്ജു സാംസൺ ഉൾപ്പെടെയുള്ള കളിക്കാരെ ബിസിസിഐ തഴഞ്ഞു. അജിങ്ക്യ രഹാനെ, ചേതശ്വർ പൂജാര എന്നീ താരങ്ങളെ
ദുലീപ് ട്രോഫി ടീമുകളിൽ ഉൾപ്പെടുത്തിയില്ല. ഇത് ഇരുവരുടെയും ദേശീയ ടീമിൽ ഉൾപ്പെടാനുള്ള വിരളമായ സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. എന്നാൽ എന്തുകൊണ്ട് സഞ്ജുവിനെ തഴഞ്ഞു? ഇതിന് വ്യക്തമായ മറുപടി ഇതുവരെ ആരും നൽകിയിട്ടില്ലെങ്കിലും, ദുലീപ് ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളെ മാത്രമേ ദേശീയ ടീമിൽ ഉൾപ്പെടുത്തൂ എന്ന് വീണ്ടും ആവർത്തിച്ചിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയ ടീമിൻ്റെ ഭാഗമായിരുന്നു സാംസൺ, കഴിഞ്ഞ മാസവും ശ്രീലങ്കയ്‌ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിലും കളിച്ചു. 29 കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ ഇതുവരെ 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.