സിംബാബ്വെക്കെതിരെ നടക്കാനിരിക്കുന്ന മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, മൂന്ന് മാറ്റങ്ങൾ ആണ് ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ വന്നിരിക്കുന്നത്. ലോകകപ്പിന് ശേഷം തിരിച്ചെത്തിയ സഞ്ജു സാംസൺ, ശിവം ഡ്യൂബെ, യശാവി ജയിസ്വാൾ എന്നിവർ ടീമിനൊപ്പം ചേർന്നപ്പോൾ ഇവർക്ക് പകരം ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയ സായ് സുദർശൻ, ഹർഷിത് റാന, ജിതേഷ് ശർമ്മ എന്നിവർ സ്ക്വാഡിൽ നിന്ന് പുറത്തുപോയി.
അതേസമയം, മൂന്ന് താരങ്ങൾ ടീമിനൊപ്പം ചേർന്നെങ്കിലും, ഇവരിൽ ആരെയൊക്കെ കളിപ്പിക്കും എന്ന കാര്യത്തിൽ മാനേജ്മെന്റ് ആശയക്കുഴപ്പത്തിലാണ്. അഭിഷേക് ശർമ്മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ മികച്ച രീതിയിൽ കളിക്കുന്നതിനാൽ, പുതിയ താരങ്ങളെ എങ്ങനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും എന്ന കാര്യം മാനേജ്മെന്റിന് ഒരു തലവേദന ആയിരിക്കുന്നു. ധ്രുവ് ജൂറലിന് പകരം വിക്കറ്റ് കീപ്പർ പൊസിഷനിൽ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടം നേടും എന്ന കാര്യം ഇതിനോടകം ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്.
ശിവം ഡ്യൂബെ ടീമിന് നിർണായകമാണ് എന്ന കാര്യം മാനേജ്മെന്റുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ പല വേളകളിൽ അറിയിച്ചിട്ടുള്ളതിനാൽ, അദ്ദേഹവും പ്ലെയിങ് ഇലവനിൽ ഉൾപ്പെടാനാണ് സാധ്യത. പകരം റിയാൻ പരാഗ് പുറത്തുപോകും. ലോകകപ്പ് ടീമിൽ ഉണ്ടായിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന യശാവി ജയ്സ്വാലിനെ ഇനിയും ബെഞ്ചിൽ ഇരുത്താൻ മാനേജ്മെന്റ് തയ്യാറായേക്കില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ മത്സരത്തിൽ കളിച്ച സായി സുദർശന് പകരം ജയിസ്വാൾ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുകയും, ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനുമാണ് സാധ്യത. അങ്ങനെ വന്നാൽ, അഭിഷേക് ശർമ്മ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ നേരത്തെ കളിച്ചതിൽ നിന്ന് ഓരോ പൊസിഷൻ താഴേക്ക് ഇറങ്ങിയാവും കളിക്കുക.
ഇന്ത്യ vs സിംബാബ്വെ മൂന്നാം ടി20 സാധ്യത ഇലവൻ :യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ (സി), അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ (ഡബ്ല്യുകെ), ശിവം ദുബെ, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ