പാക്കിസ്ഥാനെതിരായ ഏകദിന ലോകകപ്പിലെ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 19.3 ഓവറുകൾ ശേഷിക്കവെയാണ് ഇന്ത്യയുടെ ഈ കിടിലൻ വിജയം. ഇതോടെ ഏകദിന ലോകകപ്പിലെ പാകിസ്ഥാനെതിരായ റെക്കോർഡ് നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
നിലവിൽ ഏകദിന ലോകകപ്പിൽ 8 മത്സരങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിൽ 8 മത്സരങ്ങളിലും വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചു. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ രോഹിത് ശർമയും ശ്രേയസ് അയ്യരുമായിരുന്നു ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ ഇന്ത്യയുടെ താരങ്ങളൊക്കെയും വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി.
മത്സരത്തിൽ ടോസ് നേടിയ രോഹിത് ശർമ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ ഹൈദരാബാദിലെ പിച്ചിൽ മികച്ച തുടക്കം തന്നെയാണ് പാക്കിസ്ഥാന് ലഭിച്ചത്. പാക്കിസ്ഥാനായി ഓപ്പണർമാർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. ശേഷം മൂന്നാം വിക്കറ്റിൽ ബാബർ ആസാമും(50) റിസ്വാനും(49) ചേർന്ന് പാകിസ്താനെ കൈപിടിച്ചു കയറ്റുകയുണ്ടായി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തപ്പോൾ പാക്കിസ്ഥാൻ വലിയൊരു സ്കോറിലേക്ക് കുതിക്കുമെന്ന് എല്ലാവരും കരുതി.
പക്ഷേ കൃത്യമായ സമയത്ത് സിറാജ് ബാബർ ആസമിന്റെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. പിന്നീട് പാക്കിസ്ഥാൻ നിര ഒരു ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഇന്ത്യൻ ബോളർമാരുടെ വീര്യത്തിനു മുൻപിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞു. 155ന് 2 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 191 റൺസിന് ഓൾഔട്ട് ആവുന്നതാണ് കണ്ടത്. ഇന്ത്യൻ ബോളിംഗ് നിരയിൽ ബുമ്ര, സിറാജ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി പതിവുപോലെ രോഹിത് ശർമ ആക്രമിച്ചു തന്നെയാണ് കളിച്ചത്. പവർ പ്ലേ ഓവറുകൾ അങ്ങേയറ്റം മികച്ച രീതിയിൽ മുതലാക്കാൻ രോഹിത്തിന് സാധിച്ചു. മറുവശത്ത് വിക്കറ്റുകൾ നഷ്ടമായപ്പോഴും ഒരു വശത്ത് പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു രോഹിത്. കൃത്യമായ അവസരങ്ങളിൽ ബൗണ്ടറികളും സിക്സറുകളും നേടി രോഹിത് ശർമ തിളങ്ങി. മത്സരത്തിൽ കേവലം 36 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്നെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.
8⃣6⃣ Runs
— BCCI (@BCCI) October 14, 2023
6⃣3⃣ Balls
6⃣ Fours
6⃣ Sixes
That was a 🔝 knock from #TeamIndia captain Rohit Sharma! 👏 👏
Follow the match ▶️ https://t.co/H8cOEm3quc#CWC23 | #INDvPAK | #MeninBlue pic.twitter.com/W3SHVn1wzD
ഇതോടെ ഇന്ത്യ മത്സരത്തിൽ മേൽക്കോയ്മ നേടുകയും ചെയ്തു. മത്സരത്തിൽ 63 പന്തുകളിൽ 86 റൺസാണ് രോഹിത് ശർമ നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെട്ടു. രോഹിത്തിന് പിന്തുണ നൽകി ശ്രേയസ് അയ്യരും(53*)മികവു കാട്ടിയപ്പോൾ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു.