കിംഗ് കോലി !! ന്യൂസിലാൻഡിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത് |World Cup 2023

ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ 4 വിക്കറ്റുകളുടെ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യക്കായി വിരാട് കോഹ്ലിയാണ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഒപ്പം മുഹമ്മദ് ഷാമി ബോളിങ്ങിൽ തിളങ്ങിയതോടെ മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.

ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്. ഹർദിക് പാണ്ട്യയുടെ അഭാവത്തിൽ ഇറങ്ങിയ ഇന്ത്യ മത്സരത്തിലുടനീളം ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്.മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡിന്റെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും ചേർന്ന് ക്രീസിൽ ഉറക്കുന്നതാണ് കണ്ടത്.

ഇരുവരും മൂന്നാം വിക്കറ്റിൽ 159 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഒരു തകർപ്പൻ സെഞ്ച്വറിയാണ് മത്സരത്തിൽ മിച്ചൽ നേടിയത്. മിച്ചൽ 127 പന്തുകളിൽ 9 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 130 റൺസ് നേടി. 87 പന്തുകളിൽ 75 റൺസ് ആണ് രവീന്ദ്ര നേടിയത്. എന്നാൽ അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാർ തിരികെയെത്തി മികച്ച പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലാൻഡ് പതുങ്ങുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 273 റൺസാണ് ന്യൂസിലാൻഡിന് നേടാൻ സാധിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷാമി മത്സരത്തിൽ 5 വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ പതിവുപോലെ മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേ ഓവറുകളിൽ കൃത്യമായ റൺസ് കണ്ടെത്താൻ രോഹിത്തിന് സാധിച്ചു. 40 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 46 റൺസാണ് രോഹിത് മത്സരത്തിൽ നേടിയത്. എന്നാൽ ഫെർഗ്യുസൻ ബോളിംഗ് ക്രീസിൽ എത്തിയതോടെ ഇന്ത്യൻ ഓപ്പണർമാർ വിറച്ചു വീഴുകയായിരുന്നു. ഗില്ലിനേയും(26) രോഹിത്തിനെയും പുറത്താക്കി ഫെർഗ്യുസൻ ന്യൂസിലാൻഡിന് മത്സരത്തിൽ പ്രതീക്ഷ നൽകി.

ശേഷമെത്തിയ ശ്രേയസ് അയ്യരും(33) രാഹുലും(27) ക്രീസിലുറയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഒരുവശത്ത് വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി മാറിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് സമ്മാനിച്ചത്. പിന്നീട് ജഡേജയ്ക്കൊപ്പം ചേർന്ന് ആറാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കോഹ്ലിക്ക് സാധിച്ചു. ഇതോടെ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. കോഹ്ലി മത്സരത്തിൽ 104 പന്തുകളിൽ നിന്ന് 95 റൺസാണ് നേടിയത്.

5/5 - (1 vote)